കരിഞ്ചന്തയില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍; വ്യവസായിക്കെതിരായ പൊലീസ് നടപടിക്ക് സ്റ്റേ ഇല്ല

By Web TeamFirst Published May 10, 2021, 10:41 PM IST
Highlights

നവ്നീത് കല്‍റയുടെ ഉടമസ്ഥതയിലുള്ള ദില്ലിയിലെ പ്രമുഖ ഭക്ഷണ ശൃംഖലയായ ഖാന്‍ ചാച്ചാ ഫുഡില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തിയിരുന്നു. 524 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത്. 

ദില്ലി: ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വിറ്റ വ്യവസായി നവ്നീത് കല്‍റയ്ക്ക് എതിരായ പൊലീസ് നടപടിക്ക് സ്റ്റേ അനുവദിക്കാതെ ദില്ലി കോടതി. തിങ്കളാഴ്ചയാണ് കല്‍റയുടെ സ്റ്റേ ആവശ്യം കോടതി നിരാകരിച്ചത്. വിവാദ വ്യവസായിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം ദില്ലി പൊലീസ് നവ്നീത് കല്‍റയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അന്തരീക്ഷ വായുവില്‍ നിന്നും ഓക്‌സിജനെ വേര്‍തിരിച്ച് രോഗിയ്ക്ക് മൂക്കിലെ കാനുലയിലൂടെ എത്തിച്ചു നല്‍കുന്ന ഉപകരണമാണ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍.

നവ്നീത് കല്‍റയുടെ ഉടമസ്ഥതയിലുള്ള ദില്ലിയിലെ പ്രമുഖ ഭക്ഷണ ശൃംഖലയായ ഖാന്‍ ചാച്ചാ ഫുഡില്‍ നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് വ്യവസായിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചത്. നവ്നീത് കല്‍റയുടെ മൂന്ന് റസ്റ്റോറന്‍റുകളില്‍ നിന്നുമായി 524 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് പൊലീസ് റെയ്ഡില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ദില്ലിയില്‍ കൊവിഡ് വ്യാപനം മൂലം ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായിരുന്ന സമയത്താണ് കല്‍റ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വിറ്റഴിച്ചത്.

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ 16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ വന്‍ലാഭം ഈടാക്കി 50000 മുതല്‍ 70000 രൂപയ്ക്ക് വരെയാണ് കല്‍റ വിറ്റിരുന്നതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.  ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയും വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയുമായിരുന്നു വില്‍പനയെന്നാണ് വിവരം. 2020 ഒക്ടോബര്‍ മുതല്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി കല്‍റ ഇറക്കുമതി ചെയ്തിരുന്നു.മെയ് 7 ന് നടന്ന റെയ്ഡിലാണ് വലിയ തോതില്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പിടിച്ചെടുത്തത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!