ആം ആദ്മി സംഘത്തിനെതിരെ വധശ്രമം: ആക്രമണം എംഎൽഎയ്ക്ക് എതിരെയല്ലെന്ന് പൊലീസ്

By Web TeamFirst Published Feb 12, 2020, 9:41 AM IST
Highlights

ദില്ലിയിലെ ആം ആദ്മി പാർട്ടി എംഎൽഎ നരേഷ് യാദവിനും സംഘത്തിനുമെതിരെ അക്രമികൾ നടത്തിയ വെടിവയ്പ്പ് കൊല്ലപ്പെട്ട അശോഖ് മൻ എന്നയാളെ ലക്ഷ്യമാക്കിയുള്ളതായിരുന്നു എന്ന് പൊലീസ്

ദില്ലി: ആം ആദ്മി പാർട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പ് വ്യക്തിവൈരാഗ്യമെന്ന് പൊലീസ്. കൊല്ലപ്പെട്ട അശോക് മൻ എന്നയാളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേഷ് യാദവായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും അശോക് മൻ തന്നെയായിരുന്നുവെന്നും പറഞ്ഞത് ഡിസിപി ഇങ്കിത് പ്രതാപാണ്. രാഷ്ട്രീയ പകപോക്കലാണെന്ന വാദവും പൊലീസ് തള്ളി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ വർഷം ഒരാളെ അശോക് വെടിവച്ചിരുന്നു. ഇന്നലെ വെടിയുതിർത്ത പ്രതിയുടെ ബന്ധുവിനെയാണ് ആക്രമിച്ചത്. രണ്ടാഴ്ച മുൻപ് പ്രതിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതിന്റെ പകപോക്കലാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ്, ഇന്നലെ രാത്രി എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്.  

എംഎല്‍എക്ക് നേരെയാണ് വെടിവെപ്പുണ്ടായതെന്നാണ് എഎപി വൃത്തങ്ങള്‍ പറയുന്നത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. നരേഷ് യാദവ് സഞ്ചരിച്ച തുറന്ന കാറിന് നേരെ അക്രമികൾ നാല് റൗണ്ട് വെടിയുതിർത്തു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കുടുംബാംഗത്തെയാണ് നഷ്ടപ്പെട്ടതെന്നും നരേഷ് യാദവ് പറഞ്ഞു. ദില്ലി പൊലീസ് അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തലസ്ഥാന നഗരത്തിലെ ക്രമസമാധാനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിന്‍റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് പറഞ്ഞു. മെഹ്റൗലി എംഎല്‍എയാണ് നരേഷ് യാദവ്. വെടിവെപ്പില്‍ മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇയാള്‍ ചികിത്സയിലാണ്.

click me!