ദില്ലി സ്വദേശിനിയുടെ ചിത്രം മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കൊല്ലം സ്വദേശി പിടിയില്‍

By Web TeamFirst Published Jun 9, 2019, 12:41 AM IST
Highlights

ദില്ലി സ്വദേശിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി പണം തട്ടാൻ ശ്രമിച്ച മലയാളി യുവാവ് കൊല്ലത്ത് അറസ്റ്റിലായി. ഫേസ്ബുക്ക് സൗഹൃദം ദുരുപയോഗം ചെയ്ത് പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത് പതിവാക്കിയ അഖിൽ അജയൻ എന്ന യുവാവാണ് ദില്ലി പോലീസിന്‍റെ കെണിയിലായത്.


കൊല്ലം: ദില്ലി സ്വദേശിനിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി പണം തട്ടാൻ ശ്രമിച്ച മലയാളി യുവാവ് കൊല്ലത്ത് അറസ്റ്റിലായി. ഫേസ്ബുക്ക് സൗഹൃദം ദുരുപയോഗം ചെയ്ത് പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത് പതിവാക്കിയ അഖിൽ അജയൻ എന്ന യുവാവാണ് ദില്ലി പോലീസിന്‍റെ കെണിയിലായത്.

പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഫേസ്ബുക്കിലുടെ പെൺകുട്ടിയെ പരിചയപ്പെട്ട ഇയാൾ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അയച്ച് ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. 

പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുമെന്നായിരുന്നു ഭീഷണി. കൊല്ലത്തെ ഒരു പെട്രോൾ പമ്പിൽ മാനേജരായിരുന്ന പ്രതി സമൂഹമാധ്യമങ്ങളിലൂടെ നിരവധി പെൺകുട്ടികളിൽ നിന്നും ഇത്തരത്തിൽ പണം തട്ടാൻ ശ്രമിച്ചതായും പോലീസ് കണ്ടെത്തി. 

ബ്രസീലിലുള്ള ഒരു പെൺകുട്ടിയെയും ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ചിരുന്നു. അടുത്തിടെ തുർക്കിയിൽ പോയ പ്രതി ബ്രസീലിയൻ പെൺകുട്ടിയെ നേരിൽക്കണ്ട് ആറായിരം അമേരിക്കൻ ഡോളർ തട്ടിയെടുത്ത് മടങ്ങിയെത്തിയെന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. 

പെണ്‍കുട്ടിയില്‍ നിന്ന് ലഭിക്കുന്ന എട്ട് ലക്ഷം രൂപ ഉപയോഗിച്ച് ബ്രസീലില്‍ സ്ഥിരതാമസമാക്കാനായിരുന്നു ഇയാളുടെ പദ്ധതി. ദില്ലി പോലീസിന്‍റെ സൈബർ ക്രൈം വിഭാഗം നേരിട്ട് കേരളത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

click me!