ദില്ലി: ജന്മദിനപാർട്ടിക്കിടെ ദില്ലിയിൽ യുവാവിനെ കുത്തിക്കൊന്നതിന് പിന്നിൽ ബിസിനസ് തർക്കമെന്ന് ദില്ലി പൊലീസ്. റിങ്കു ശർമയും പ്രതികളും സുഹൃത്തുക്കളായിരുന്നെന്നും, ഇവർ ദില്ലിയിലെ രോഹിണിയിൽ തുടങ്ങിയ രണ്ട് ഹോട്ടലുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് പാർട്ടിക്കിടെ സംഘർഷമുണ്ടായതെന്നും, ഇതിനിടെയാണ് റിങ്കു ശർമ കുത്തേറ്റ് മരിച്ചതെന്നും ദില്ലി പൊലീസ് പറയുന്നു. സംഭവത്തിന് വർഗീയമുഖം നൽകരുതെന്ന് ദില്ലി പൊലീസ് ട്വീറ്റ് ചെയ്തു. ഷാഹിദ്, ഡാനീഷ്, ഇസ്ലാം, മെഹ്താബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
റിങ്കുവിന്‍റെ കൊലപാതകം അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവന പിരിച്ചതുകൊണ്ടാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചിരുന്നു. ജയ് ശ്രീരാം വിളിച്ചതാണ് റിങ്കുവിനെ കൊലപ്പെടുത്താൻ കാരണമെന്ന കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്നും, നിലവിൽ ബിസിനസിലെ തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് അനുമാനമെന്നും ദില്ലി പൊലീസ് പിആർഒ ചിൻമയ് ബിസ്വൽ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഔട്ടർ ദില്ലിയിലെ മംഗോളപുരി മേഖലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട റിങ്കുവും കുടുംബവും ദില്ലിയിലെ രോഹിണിയിൽ ഒരു ഹോട്ടൽ ബിസിനസ്സ് തുടങ്ങിയിരുന്നു. ഇതിനടുത്ത് തന്നെയാണ് പ്രതികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലും ഉണ്ടായിരുന്നത്. ലോക്ക്ഡൗൺ അടക്കമുള്ള സാഹചര്യത്തെത്തുടർന്ന് രണ്ട് ഹോട്ടലുകളും നഷ്ടത്തിലായി. രണ്ട് ഹോട്ടലുകളും നഷ്ടത്തിലായതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഈ തർക്കത്തെത്തുടർന്നാണ് പ്രതികൾ റിങ്കുവിന്‍റെ വീട്ടിലെത്തുന്നത്. അവിടെ ഒരു പിറന്നാളാഘോഷം നടക്കുകയായിരുന്നു അന്ന്. പരിപാടിക്കിടെ വാക്കുതർക്കം രൂക്ഷമായതിനിടെ നാല് പേരിൽ ഒരാൾ റിങ്കുവിനെ കത്തി കൊണ്ട് കുത്തി. നാല് പേരും തമ്മിൽ നല്ല പരിചയമുള്ളവരായിരുന്നു. നാല് പേരും ഒരേ മേഖലയിലാണ് താമസിക്കുന്നതെന്നും ദില്ലി പൊലീസ് വ്യക്തമാക്കുന്നു.
സംഭവം നടന്ന ദിവസം റിങ്കുവും മുതിർന്ന സഹോദരനും മറ്റ് നാല് പേരും തമ്മിൽ വടികൾ കൊണ്ട് തമ്മിലടിച്ച് അടക്കം പരസ്പരം ആക്രമിച്ച്, സംഘർഷമുണ്ടാവുകയായിരുന്നു. ഇതിനിടെയാണ് പ്രതികളിലൊരാൾ റിങ്കുവിനെ കത്തികൊണ്ട് കുത്തി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടത്. റിങ്കുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് വർഗീയനിറം നൽകരുതെന്നും, ബിസിനസ് തർക്കമല്ലാതെ മറ്റേതെങ്കിലുമൊരു ഉദ്ദേശം കൊലപാതകത്തിന് പിന്നിലുള്ളതായി ഇതുവരെ ഒരു തെളിവുമില്ലെന്നും ദില്ലി പൊലീസ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam