'അവരെന്‍റെ കുഞ്ഞിനെ കൊന്നു, തെളിവ് നശിപ്പിക്കാൻ ദഹിപ്പിച്ചു, പൊലീസ് ഒന്നും ചെയ്തില്ല'

By Web TeamFirst Published Aug 4, 2021, 6:53 AM IST
Highlights

ഞായറാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ദില്ലിയിലെ പുരാനി നങ്കലിൽ നടന്നത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. 

ദില്ലി: ദില്ലി പുരാനി നങ്കലിൽ ഒൻപത് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ അമ്മ. മകളുടെ മൃതദേഹം സംസ്കരിക്കുന്നത് തടയാൻ പോലീസ് ഇടപെട്ടില്ലെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പോലീസിനോട് വെള്ളം ഒഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെയ്തില്ല. ചിത കെടുത്താൻ ശ്രമിച്ച നാട്ടുകാരെയും പോലീസ് തടഞ്ഞെന്നും അമ്മ പറഞ്ഞു.

അതേസമയം, പരാതി പറയാൻ പോയ കുട്ടിയുടെ അച്ഛനമ്മമാരെ ഒരു ദിവസം മുഴുവൻ പൊലീസ് സ്റ്റേഷനിലിരുത്തിയ ദില്ലി പൊലീസിന്‍റെ നടപടിക്കെതിരെ ആംആദ്മി പാർട്ടി എംഎൽഎ അജയ് ദത്ത് രംഗത്ത് വന്നു. വീഴ്ച പറ്റിയ പൊലീസുകാർക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

നേരത്തേ പരാതി നൽകാൻ പോയ തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് പെൺകുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

എന്താണ് നടന്നത്?

ഞായറാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന സംഭവം ദില്ലിയിലെ പുരാനി നങ്കലിൽ നടന്നത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെള്ളമെടുക്കാൻ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്മശാനത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. 

കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു. പൊലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്നും പൂജാരി ഭീഷണിപ്പെടുത്തി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് ഈ കുഞ്ഞിന്‍റെ മൃതദേഹവും കത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ശ്മശാനത്തിലേക്ക് എത്തുമ്പോഴേക്കും കാലുകളൊഴികെ കുട്ടിയുടെ മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയിരുന്നു. 

അടുത്ത ദിവസം പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും ശാരീരികമായും മാനസികമായും പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സംഭവം വിവാദമായതോടെ ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെ എത്തി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പൂജാരിയേയും നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദില്ലി വനിതാ കമ്മീഷൻ ദില്ലി പൊലീസിന് നോട്ടീസ് അയച്ചിട്ടുമുണ്ട്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!