കൊല്ലം: കുണ്ടറ മുളവനയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിന് ശേഷം സംശയം ഉണ്ടാകാതിരിക്കാൻ വൈശാഖ് ഭാര്യ കൃതിയുടെ മൊബൈല്‍ഫോണില്‍ നിന്നും കൂട്ടുകാരികള്‍ക്ക് വാട്‍സാപ്പ് വഴി വഴി സന്ദേശങ്ങള്‍ അയച്ചതായി പൊലീസ് കണ്ടെത്തി. മൊബൈല്‍ ഫോൺ ഫൊറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ് പൊലീസ് ഇപ്പോൾ.
നവംബർ പതിനൊന്നിന് കൊലപാതകത്തിന് ശേഷം ഭർത്താവ് വൈശാഖ് കൃതിയുടെ ഫോണില്‍ നിന്നും കൂട്ടുകാരിക്ക് സന്ദേശങ്ങള്‍ അയച്ചതായാണ് പൊലീസ് കണ്ടെത്തിയത്. ''ഞാനും ഭർത്താവുമായി നിലനിന്നിരുന്ന വഴക്ക് അവസാനിച്ചു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്‍റെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വൈശാഖ് ഇട്ടു'', എന്നുമായിരുന്നു സന്ദേശങ്ങള്‍. എന്നാല്‍ സന്ദേശങ്ങളില്‍ ദുരൂഹത തോന്നിയ കൃതിയുടെ കൂട്ടുകാരി ബന്ധുക്കളെ വിവരം അറിയിച്ചു.
''സാധാരണ എന്‍റെ മോള് വോയ്സ് മെസ്സേജാ അയക്കാറ്. സന്ദേശങ്ങൾ ടൈപ്പ് ചെയ്ത രീതി വേറെയാ. അതോടെ ആ പെൺകുട്ടിക്ക് സംശയം തോന്നി. നീയെന്താ സംസാരിക്കാത്തേ എന്ന് വോയ്സ് മെസ്സേജ് അയക്കുന്നുണ്ടായിരുന്നു, അതിന് മറുപടിയില്ല'', കൃതിയുടെ അച്ഛൻ മോഹനൻ പറയുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലും വൈശാഖ് സന്ദേശം അയച്ചതായി സമ്മതിച്ചിട്ടുണ്ട്. കൃതിയുടെ അച്ഛന്‍റെയും അമ്മയുടെയും പേരിലുള്ള സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണന്ന് കൃതിയുടെ അച്ഛൻ പറയുന്നു.
''അവൻ പല തവണ മർദ്ദിക്കാറുണ്ടായിരുന്നു. മർദ്ദനം തുടങ്ങിയപ്പോഴാ കൊച്ചിന് ഭയമായത്. അവൻ ഗൾഫിലേക്ക് പോയപ്പോ കൊച്ചിനെ ഇവിടെ കൊണ്ടാക്കിയാ പോയേ. പിന്നെ കൊച്ചങ്ങോട്ട് പോയിട്ടില്ല'', എന്ന് കൃതിയുടെ അച്ഛൻ.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. വൈശാഖ് ഇപ്പോള്‍ റിമാന്‍റിലാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കൃതിയെ ശ്വാസം
മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ തെളിവടക്കം കിട്ടിയതോടെ പൊലീസ് അന്വേഷണം അവസാനഘട്ടത്തിലാണ്. ഫൊറൻസിക് തെളിവുകൾ കൂടി ലഭിച്ചാൽ കേസ് ശക്തമാക്കാൻ കഴിയുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
വീഡിയോ കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam