കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റ് അടുത്ത ബുധനാഴ്ച വരെ തടഞ്ഞ് ഹൈക്കോടതി. ദിലീപിന്‍റെയും കൂട്ടുപ്രതികളായ നാല് പേരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കോടതിയിൽ മുദ്ര വച്ച കവറിൽ സമർപ്പിക്കുമെന്ന് ഹർജി പരിഗണിച്ചപ്പോൾ സർക്കാർ അറിയിച്ചു.
ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, കോടതി നിർദേശപ്രകാരമാണ് പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യാൻ ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലായി ചോദ്യം ചെയ്ത്, വ്യാഴാഴ്ച അന്വേഷണറിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് ജസ്റ്റിസ് പി ഗോപിനാഥ് നിർദേശിച്ചത്.
ദിലീപിനെതിരെ അസ്വസ്ഥപ്പെടുത്തുന്ന ചില തെളിവുകളുണ്ടെന്നും, അത് പരിഗണിച്ചാണ് ചോദ്യം ചെയ്യാൻ അനുമതി നൽകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഇതനുസരിച്ച് മൂന്ന് ദിവസമായി, ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവറും ബന്ധുവുമായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെ ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വേണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നുമുള്ള ശക്തമായ ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിനിടെ, ദിലീപ് അടക്കമുള്ള പ്രതികൾ മൊബൈൽ ഫോണുകൾ മാറ്റി വാങ്ങിയെന്നും, അതാണ് ഹാജരാക്കിയിരിക്കുന്നതെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇവർ ഒളിപ്പിച്ച മൊബൈൽ ഫോണുകളിൽ തെളിവുകളുണ്ടെന്നും, അത് കണ്ടെത്താൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും അന്വേഷണസംഘം പറയുന്നു.
എന്നാൽ ഈ ഫോണുകളിൽ തെളിവുകളില്ലെന്നും, അന്വേഷണവുമായി ബന്ധപ്പെട്ട ഒന്നും അതിലില്ലെന്നും, അതിനാൽ ഫോണുകൾ തരാനാകില്ലെന്നുമാണ് ദിലീപിന്‍റെയും സംഘത്തിന്‍റെയും നിലപാട്. കേസ് കെട്ടിച്ചമച്ചതാണെന്നും, ബാലചന്ദ്രകുമാർ തന്നെ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ദിലീപ് വാദിക്കുന്നത്. ഫോൺ ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിയായ തനിക്ക് ക്രൈംബ്രാഞ്ചിന് നോട്ടീസ് നൽകാനാകില്ലെന്നും, താൻ അന്വേഷണവുമായി പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ദിലീപ് നിലപാടെടുക്കുന്നു.
ഹാജരാക്കാൻ ആവശ്യപ്പെട്ട രണ്ട് ഫോണുകളിൽ ഒന്ന് ബാങ്ക് ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നതാണെന്നാണ് ദിലീപ് അന്വേഷണസംഘത്തോട് പറയുന്നത്. മറ്റൊരു ഫോണിൽ താനും ബാലചന്ദ്രകുമാറും നടത്തിയ സംഭാഷണങ്ങളുണ്ട്. അത് തനിക്കെതിരായ ഗൂഡാലോചനയിലെ തെളിവുകളാണ്. ഈ തെളിവുകൾ വീണ്ടെടുക്കാൻ സ്വന്തം നിലയിൽ സൈബർ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്‍റെ ഫലം കോടതിയ്ക്ക് കൈമാറാമെന്നുമാണ് ദിലീപിന്‍റെ നിലപാട്.
ഫോൺ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യപ്രകാരമാണ്. ഈ ഉദ്യോഗസ്ഥന്‍റെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുകയാണ് വേണ്ടതെന്നും അതിൽ തന്നെ മനഃപൂർവം പ്രതിയാക്കാനുള്ള ഗൂഢാലോചനയുടെ തെളിവുകളുണ്ടാകുമെന്നും ദിലീപ് ആവശ്യപ്പെടുന്നു. എന്നാൽ ഫോൺ ഒളിപ്പിച്ചതിന് പിറകിൽ ആസൂത്രിത ഗൂഡാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. 2017 നവംബർ 15 മുതൽ പ്രതികൾ ഉപയോഗിച്ച ഫോൺ പരിശോധിച്ചാൽ പല സുപ്രധാന തെളിവുകളും ലഭിക്കുമായിരുന്നു. ഈ തെളിവുകൾ നശിപ്പിക്കാനാണ് പ്രതികളുടെ നീക്കം എന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam