ഫോൺ ഹാക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം; യുവാവ് കൊല്ലപ്പെട്ടു; 3 പേർ കസ്റ്റഡിയിൽ

By Web TeamFirst Published Mar 1, 2019, 10:11 AM IST
Highlights

സുഹൃത്തിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തതിനൊച്ചൊല്ലിയുള്ള തർക്കത്തിനിടെയായിരുന്നു മർദ്ദനം. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. 


തിരുവനന്തപുരം: കഴക്കൂട്ടം സ്വദേശിയായ യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റ‍ഡിയിൽ. സുഹൃത്തിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്തതിനൊച്ചൊല്ലിയുള്ള തർക്കത്തിനിടെ ഉണ്ടായ മർദ്ദനത്തെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. കഴക്കൂട്ടം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ചിറയിന്‍കീഴ് വച്ചാണ് സംഘട്ടനം നടന്നതെന്ന് പൊലീസ് പറയുന്നു. 

ഇന്നലെ വൈകീട്ടോടെയാണ് പരിക്കേറ്റ നിലയില്‍ വിഷ്ണുവിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തിച്ച വിഷ്ണു ചികിത്സയ്ക്കിടെയാണ് മരിച്ചത്. 

തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇവരില്‍ ഒരാളും വിഷ്ണുവും ബംഗ്ളൂരിലായിരുന്നു.  ഈ സമയത്ത് വിഷ്ണു ഇയാളുടെ മൊബൈല്‍ ഹാക്ക് ചെയ്ത് അതിലുണ്ടായിരുന്ന വിവരങ്ങള്‍ പ്രതിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായി പറയുന്നത്. 

നാട്ടിലെത്തിയ ഇരുവരും ബംഗളൂരേക്ക് തിരിച്ച് പോകും വഴി വിഷ്ണുവിനെ പ്രതികളിലൊരാളുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോവുകയും അവിടെ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തിനിടെ വിഷ്ണുവിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഇതേ തുടര്‍ന്ന് പ്രതികള്‍ തന്നെ വിഷ്ണുവിനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം മര്‍ദ്ദനമാണോയെന്ന് പറയാന്‍ പറ്റൂ. ഇതിന് ശേഷമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂ. 

കേസില്‍ അഞ്ച് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതികളാണെന്ന് കരുതുന്ന മൂന്ന് പേരാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. വിഷ്ണുവിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. 

click me!