കാറോടിക്കാന്‍ അറിയാത്ത ആള്‍ കാറോടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പൊലീസ്; എസ് ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരന്‍

By Web TeamFirst Published Mar 1, 2019, 8:35 AM IST
Highlights

കാറോടിക്കാനറിയാത്ത ഒല്ലൂർ സ്വദേശി റപ്പായി ഒരാളെ കാറോടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന കേസാണ് 2016 ൽ ഒല്ലൂർ എസ് ഐ കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ട റപ്പായി 15 ദിവസത്തോളം ജയിലിൽക്കിടന്നിരുന്നു

തൃശൂര്‍: കള്ളക്കേസ് ചുമത്തി നിരപരാധിയെ അറസ്റ്റ് ചെയ്തതില്‍ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻറ ഉത്തരവിന് പുല്ലുവില. തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷനിലെ മുൻ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരൻ പൊലീസ് സ്റ്റേഷന്റെ പടിക്കൽ ഉപവാസം തുടങ്ങി. കാറോടിക്കാനറിയാത്ത ഒല്ലൂർ സ്വദേശി റപ്പായി ഒരാളെ കാറോടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന കേസാണ് 2016 ൽ ഒല്ലൂർ എസ് ഐ കേസ് റജിസ്റ്റർ ചെയ്തത്. 

അറസ്റ്റ് ചെയ്യപ്പെട്ട റപ്പായി 15 ദിവസത്തോളം ജയിലിൽക്കിടന്നു. പിന്നീട് പരാതിയുമായി കേരള നിയമസഭ പെറ്റീഷൻ കമ്മിറ്റിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈം റെക്കോർഡ്സ് ബ്യൂറോ എസിപിയുടെ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യാഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തി. 

തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ റപ്പായിക്ക് നേരിടേണ്ടി വന്ന മാന നഷ്ടത്തിന് സമാശ്വാസം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കഴിഞ്ഞ മേയിൽ ഉത്തരവിട്ടു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഉപവാസം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് റപ്പായി. തന്നെ പ്രതിയാക്കിയ എസ് ഐ ഇപ്പോഴും സർവീസിലുണ്ടെന്നും റപ്പായി വിശദമാക്കുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കമ്മീഷണറെയും ഡിജിപിയെയും വീണ്ടും സമീപിക്കാനാണ് റപ്പായിയുടെ തീരുമാനം.

click me!