
കൊച്ചി: വളർത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. എറണാകുളം (Ernakulam) ഐരാപുരം സ്വദേശിയായ സിജോ ജോസഫിനെയാണ് കുന്നത്തുനാട് പൊലീസ് (Kunnathunad Police) അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് .
ഈ മാസം 25 ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് അയൽവാസി തന്റെ പൂച്ചക്കുഞ്ഞിനെ കൊല്ലുന്ന വീഡിയോ ഐരാപുരം സ്വദേശിയായ യുവതി പങ്കുവച്ചത്. യുവതിയുടെ പൂച്ച മൂന്നു കുഞ്ഞുങ്ങളെയാണ് പ്രസവിച്ചത്. കുഞ്ഞുങ്ങളെയും കൊണ്ട് അയൽവാസിയുടെ ടെറസിലേക്ക് പൂച്ച പോകാറുണ്ട്. ഈ കുഞ്ഞുങ്ങളെ പിന്നീട് കാണാറില്ല. മൂന്നാമത്തെ പൂച്ചക്കുഞ്ഞിനെ സിജോ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ യുവതിയുടെ സഹോദരി മൊബൈലിൽ പകർത്തുകയായിരുന്നു. ഇതാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
വീഡിയോ കണ്ട എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വഴിത്തർക്കത്തെത്തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് സിജോ പൂച്ചക്കുഞ്ഞിനെ കൊന്നതെന്നാണ് കണ്ടെത്തൽ. എസ് എച്ച് ഒ സജി മാർക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam