നൂറോളം കൊലപാതകങ്ങള്‍, കൊലയ്ക്ക് ശേഷം മൃതദേഹങ്ങള്‍ മുതലകള്‍ക്ക്, 'ഡോക്ടര്‍ ഡെത്ത്' വീണ്ടും പിടിയില്‍

By Web TeamFirst Published Aug 1, 2020, 5:30 PM IST
Highlights

തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുത്തതിന് ശേഷം മുതലകള്‍ ധാരാളമായുള്ള ഉത്തര്‍പ്രദേശിലെ ഹസാര കനാലിലാണ് മൃതദേഹങ്ങള്‍ ഉപേക്ഷിച്ചിരുന്നത്...

ദില്ലി: നൂറോളം പേരെ കൊന്ന് മൃതദേഹം മുതലകള്‍ക്ക് എറിഞ്ഞുകൊടുത്ത ആയുര്‍വേദ ഡോക്ടര്‍ വീണ്ടും പിടിയിലായി. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇയാള്‍ പരോളില്‍ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു. ജയിലിലെ നല്ലപെരുനമാറ്റത്തെത്തുടര്‍ന്നാണ് നീണ്ട 16 വര്‍ഷത്തിന് ശേഷം 62 കാരനായ ദേവേന്ദ്ര കുമാര്‍ ശര്‍മ്മയ്ക്ക് പരോള്‍ നല്‍കിയത്.

ജനുവരിയില്‍ പരോളിലിറങ്ങിയ ഇയാള്‍ പരോള്‍ കാലാവധിയായ ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2004ലാണ് ശര്‍മ്മയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2002 നും 2004നും ഇടയ്ക്കാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ക്രൂരമായ കൊലപാതകം പുറംലോകമറിഞ്ഞതോടെ മാധ്യമങ്ങള്‍ ഇയാള്‍ക്ക് 'മരണത്തിന്റെ ഡോക്ടര്‍' എന്ന് പേരിട്ടു. 

ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരെ തട്ടിക്കൊണ്ടുവന്ന് കൊന്ന കേസുകളില്‍ ഇയാള്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയിരുന്നു. 1994 നും 2004 നും ഇടയില്‍ പ്രവര്‍ത്തിച്ച അവയവദാന മാഹിയയുമായുള്ള ബന്ധം കണ്ടെത്തിയതോടെയാണ് ഇയാള്‍ പിടിക്കപ്പെടുന്നത്. 

അവയവങ്ങള്‍ കടത്തുന്ന സംഘത്തിനായി മറ്റ് ഡോക്ടര്‍മാരുടെ സഹായത്തോടെ ഇയാള്‍ 125 ഓളം അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകുന്ന ടാക്‌സി, ട്രക്ക് ഡ്രൈവര്‍മാരുടെ പക്കലുള്ള പണം തട്ടിയെടുക്കുകയും വാഹനം മറിച്ചുവില്‍ക്കുകയും ചെയ്യുമായിരുന്നു. 

തട്ടിക്കൊണ്ടുപോയി അവയവങ്ങള്‍ എടുത്തതിന് ശേഷം മുതലകള്‍ ധാരാളമായുള്ള ഉത്തര്‍പ്രദേശിലെ ഹസാര കനാലിലാണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. തെളിവുകള്‍ അവശേഷിക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.  

50 ഓളം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ സൂത്രധാരന്‍ ശര്‍മ്മയായിരുന്നു. ഒടുവില്‍ ആറ് കൊലപാതകക്കേസുകളിലാണ് ശര്‍മ്മ കുറ്റക്കാരനാണെനന് കോടതി കണ്ടെത്തിയത്. എന്നാല്‍ കൂടുതല്‍ കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അയാള്‍ സമ്മതിച്ചിരുന്നുവെന്നും ദില്ലി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാകേഷ് പവേരിയ പ്രസ്താവനയില്‍ പറഞ്ഞു. 

click me!