ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണില്ല; ചെന്നൈയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി

By Web TeamFirst Published Aug 1, 2020, 10:44 AM IST
Highlights

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ‌ പ്രഖ്യാപനത്തിൽ നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 


ചെന്നൈ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണില്ലാത്ത കാരണത്താൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. ബുധനാഴ്ച രാത്രിയാണ് കടലൂർ ജില്ലയിലെ വീട്ടിൽ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വല്ലലാർ ഹൈസ്കൂളിലാണ് വിദ്യാർത്ഥി പഠിച്ചു കൊണ്ടിരുന്നത്. സിരുതോണ്ടമാധേവി ​ഗ്രാമത്തിലെ കശുവണ്ടി കർഷകനാണ് കുട്ടിയുടെ പിതാവ് വിജയകുമാർ.

'കഴിഞ്ഞ ദിവസം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ടി മകൻ എന്നോട് സ്മാർട്ട് ഫോൺ ആവശ്യപ്പെട്ടിരുന്നു. കശുവണ്ടിയുടെ പണം കിട്ടിയിട്ട് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു. അവൻ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്.' വിജയകുമാർ പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗൺ‌ പ്രഖ്യാപനത്തിൽ നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ശമ്പളം വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി പാവപ്പെട്ട കുടുംബങ്ങൾ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നുണ്ട്. 

സംസ്ഥാന സർക്കാർ റേഷനും മാസം 1000 രൂപയും കൊടുക്കുന്നുണ്ട്. വളരെ തുച്ഛമായ തുകയാണിത്. ന​ഗരങ്ങളിൽ താമസിക്കുന്നവർക്ക് ഈ തുക നിത്യവൃത്തിക്ക് തികയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ തീർത്തും ദരിദ്രരായ കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ വിഭജനം അനുഭവിക്കുകയും ചെയ്യുന്നു. സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് പോലെയുള്ള സാങ്കേതിക പരിമിതികളുള്ള ദരിദ്രരായ കുട്ടികളാണ് ഈ വിഭജനത്തിന് ഇരകളാകുന്നതെന്ന് വിദ​ഗ്ദ്ധർ എഐഎഡിഎംകെയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ആൺകുട്ടിയുടെ ആത്മഹത്യയെക്കുറിച്ച്  കടലൂർ പൊലീസ് സംശയാസ്പദ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.

click me!