
കൊച്ചി: ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസില്‍ ടാന്‍സാനിയന്‍ യുവതിയുടെ അറസ്റ്റ് ഡിആര്‍ഐ രേഖപ്പെടുത്തി. ടാന്‍സാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിന്‍റെ അറസ്റ്റാണ് ഡിആര്‍ഐ രേഖപ്പെടുത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റില്‍ നിന്ന് 90 കൊക്കൈൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ച നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ വെറോനിക്കയെ സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ശരീരം സ്കാന്‍ ചെയ്തപ്പോഴാണ് വയറിനുളളില്‍ കൊക്കെയ്ന്‍ ക്യാപ്സൂളുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. വെറോനിക്കയുടെ സഹയാത്രികനായിരുന്ന ടാന്‍സാനിയന്‍ പൗരന്‍ ഒമരിയില്‍ നിന്ന് 19 കോടി രൂപ വിലവരുന്ന 1945 ഗ്രാം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വെറോനിക്കയുടെ വയറ്റിലുണ്ടായിരുന്ന കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുക്കാന്‍ കഴിയാതിരുന്നതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തല്‍ വൈകിയത്.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കൊക്കെയ്ന്‍ വയറ്റില്‍ സൂക്ഷിച്ചിരുന്നത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പഴങ്ങളും മറ്റും നല്‍കി ദിവസങ്ങളോളം കാത്തിരുന്ന ശേഷമാണ് വിസര്‍ജ്യത്തിലൂടെ കൊക്കെയ്ന്‍ ക്യാപ്സ്യൂളുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ കഴിഞ്ഞത്. വയറിനുളളില്‍ വച്ച് ക്യാപ്സ്യൂള്‍ പൊട്ടിയാല്‍ ഇവരുടെ ജീവന്‍ പോലും അപകടത്തിലാകുമെന്ന ഭീഷണിയും ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നു. 1300 ഗ്രാമിലേറെ കൊക്കെയ്നാണ് വെറോനിക്കയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത്. സ്കാനിംഗ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകളാണ് ഇവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിനൊപ്പം ഡിആര്‍ഐ സംഘം കോടതിയില്‍ ഹാജരാക്കിയത്.
അങ്കമാലി കോടതി രണ്ടാഴ്ചത്തേക്കാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. കോടികള്‍ പ്രതിഫലമായി കിട്ടുമെന്നതിനാലാണ് ജീവന്‍ പോലും പണയം വച്ചുളള ലഹരി കടത്തിന് തയാറായതെന്നാണ് ഇവര്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam