
തൃശൂർ: തൃശൂർ ചെമ്പൂത്ര ദേശീയപാതയിൽ എയർഗണും കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൽ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. ഗുരുവായൂർ സ്വദേശികളായ ആകർഷ് (23) ഫാസിൽ (24), പാവറട്ടി സ്വദേശി റംഷിക്ക് (24), കൊല്ലം സ്വദേശി ആദർശ് (23) എന്നിവരാണ് പിടിയിലായത്.
മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ ചെമ്പൂത്ര കോഫി ഹൗസിന് മുന്നിൽ കാറിൽ നിന്നുമാണ് കഞ്ചാവ്, എയർ പിസ്റ്റൽ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്ന നാല് യുവാക്കളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്നും കാർ മാർഗ്ഗം കഞ്ചാവും എംഡിഎമ്മും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോഫി ഹൗസിന് മുമ്പിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ കണ്ടെത്തിയത്.
തുടർന്ന് കോഫി ഹൗസിൽ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ജീവനക്കാരെ വിളിച്ചു വരുത്തി കാറിൻ്റെ പാർട്സുകൾ അഴിച്ചുമാറ്റി പരിശോധന നടത്തിയെങ്കിലും എംഡിഎംഎ കണ്ടെത്താനായില്ല. എംഡിഎംഎ പ്രതികൾ ഉപയോഗിച്ചതായി പൊലീസിനോട് പറഞ്ഞു. ഡൻസാഫ് അംഗങ്ങളായ എസ് ഐ രാഖേഷ്, എ എസ് ഐ ജീവൻ, വിപിൻദാസ്, ശരത്, സുജിത്ത്, അഖിൽ വിഷ്ണു, വൈശാഖ്, ശിഹാബുദ്ദീൻ, പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് കൃഷ്ണൻ, എസ് ഐ സന്തോഷ് എന്നിവരും സംഘത്തിൽ ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam