
തിരുവനന്തപുരം: ചിറയിൻകീഴിൽ കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിൽ. കുട്ടികളിൽ ഉൾപ്പടെ ലഹരി ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരുവന്തപുരം റൂറൽ ഡാൻസഫ് ടീമും പൊലീസ് സംഘവും ചേർന്ന് ചിറയിൻകീഴ് മുടപുരം തെന്നൂർക്കോണം ഭാഗം കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും എംഡിഎംയുമായി യുവാക്കൾ പിടിയിലായത്.
തെന്നൂർക്കോണം സ്വദേശി ജിഷ്ണു (26),കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25),പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട കൊച്ചാലുമൂട് സ്വദേശി ഹരിഹരൻ (24), മുടപുരം സ്വദേശി പ്രദിൻ(24), ആറ്റിങ്ങൽ സ്വദേശി ശിവ (25) എന്നിവരാണ് പിടിയിലായത്. തെന്നൂർകോണം സ്വദേശി ജിഷ്ണു വാണ് ലഹരി പദാർത്ഥങ്ങൾ വില്പനയ്ക്കായി ശേഖരിക്കുന്നത്. ജിഷ്ണുവിന്റെ വീട് കേന്ദ്രീകരിച്ചു രാത്രിയിൽ ഉൾപ്പെടെ വിദ്യാർത്ഥികളും യുവാക്കളും വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചത് പ്രകാരം കുറച്ചു നാളുകളായി പ്രദേശത്ത് ഡാൻസഫ് ടീം നിരീക്ഷണം നടത്തി വരികയായിരുന്നു.
പരിശോധനയിൽ 200 ഗ്രാം കഞ്ചാവും 320 മില്ലി ഗ്രാം എംഡിഎംഎ യും അത് കുത്തി വയ്ക്കുന്ന സിറിഞ്ചുകളും കഞ്ചാവ് വലിക്കുന്ന പേപ്പറുകളും ഉൾപ്പെടെ പിടിച്ചെടുത്തു. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചിറയിൻകീഴിൽ വിദ്യാർത്ഥികളെ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. നാർകോട്ടിക് സെൽ ഡിവൈഎസ്പി വി.റ്റി റാസിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലയിലെ ലഹരി വിൽപ്പനക്കാരെ കുറിച്ച് പോലീസിനു രഹസ്യ വിവരം ലഭിച്ചിട്ടുള്ളതായും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam