ലഹരി നുരയുന്ന തിരുവനന്തപുരം; കൊലപാതകങ്ങൾ തുടർക്കഥ; ആഴ്ചയിൽ നടക്കുന്നത് ഒരു കൊലപാതകം!

By Web TeamFirst Published Mar 15, 2019, 4:33 PM IST
Highlights

തലസ്ഥാനത്ത് മൂന്നാഴ്ചക്കിടെ ലഹരി സംഘം തല്ലികൊന്നത് മൂന്ന് യുവാക്കളെ. ഈ മാസം മൂന്നിന് ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയതും കരമനയില്‍ അനന്തുവിനെ കൊന്നതും ഒരേ മാതൃകയിൽ.

തിരുവനന്തപുരം: ഉത്തരേന്ത്യയിൽ നിന്നൊക്കെ കേൾക്കുന്ന പോലെ ആളെ തട്ടിക്കൊണ്ട് പോകൽ, ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തൽ - ഞെട്ടിക്കുന്ന അക്രമപരമ്പരകളാണ് തിരുവനന്തപുരത്ത് നിന്ന് തുടരെത്തുടരെ റിപ്പോർട്ട് ചെയ്യുന്നത്. ലഹരി മാഫിയയുടെ പിടിയിലമരുകയാണ് തലസ്ഥാനമെന്നതിന് തെളിവാണ് തുടർച്ചയായ കൊലപാതകങ്ങൾ. മൂന്നാഴ്ചക്കിടെ ലഹരി സംഘം അതിക്രൂരമായി കൊന്നത് മൂന്ന് യുവാക്കളെയാണ്.

ഈ മാസം മൂന്നിന് ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയതും കരമനയില്‍ അനന്തുവിനെ കൊന്നതും ഒരേ മാതൃകയിലാണ്. ഫോണിലെ വിവരങ്ങൾ ചോർത്തി എന്നതിന്‍റെ പേരിലാണ് ബംഗ്ലൂരുവിൽ നിന്നും സുഹൃത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നത്. ലഹരി  ഉപയോഗിച്ച സംഘം മരണം ഉറപ്പാക്കും വരെ മർദ്ദിച്ചു.

കരമനയിൽ അനന്തുവിനെ തട്ടിക്കൊണ്ട് പോയി വധിക്കുന്നതിന് കാരണമായത് ഉത്സവത്തിനിടെയുണ്ടായ അടിപിടി. പ്രതികളിലൊരാളുടെ പിറന്നാളാഘോഷത്തിന് ലഹരി ഉപയോഗിച്ച ശേഷമാണ് അനന്തുവിനെ തട്ടിക്കൊണ്ട് വന്ന് കൊല്ലുന്നത്. കൈകൾ വെട്ടിയും മർദ്ദിച്ചും മൃഗീയമായ കൊലപാതകം !

: അനന്തുവിന്‍റെ കൊലപാതകത്തിന് മുമ്പ് പ്രതികൾ പ്രതി അനീഷിന്‍റെ പിറന്നാളാഘോഷം നടത്തിയപ്പോൾ

Also Read: കരമന കൊലപാതകം: അനന്തു രക്തം വാര്‍ന്ന് പിടയുന്നത് പകര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍

രണ്ട് ദിവസത്തിനകമാണ് വീണ്ടും നഗരത്തെ നടുക്കിക്കൊണ്ട് ശ്രീവരാഹക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാത്രി നടന്ന കൊലപാതകം. നിസ്സാര സംഭവങ്ങൾ പോലും ക്രൂരമായി കൊലയിലേക്ക് നയിക്കുന്നു. പ്രതികളെല്ലാം 19 നും 25 നും ഇടക്ക് പ്രായമുള്ളവർ. മയക്കുമരുന്നിന് അടിമകളാണ് പ്രതികള്‍ എന്ന് പൊലീസ് പറയുന്നു.

Also Read: ശ്രീവരാഹം കൊലപാതകം: കത്തിയെടുത്ത് കുത്തിയത് അർജുൻ; കുത്തിയവരും കുത്തേറ്റവരും ക്രിമിനൽ കേസ് പ്രതികളെന്ന് പൊലീസ്

തലസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയതിന് ഇനിയും തെളിവുകൾ ആവശ്യമില്ല. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വൻ ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ട്. പേരിന് നടത്തുന്ന പരിശോധനയല്ലാതെ  പൊലീസിനോ എക്സൈസിനോ ലഹരി വിതരണ റാക്കറ്റിനെ തൊടാനാകുന്നില്ല. ഓപ്പറേഷൻ കോബ്രയടക്കം ക്രിമിനലുകൾക്കെതിരെ പൊലീസ് എടുക്കുന്ന നടപടികൾ ഫലവത്താകുന്നില്ലെന്ന വിമർശനം ഉയരുകയാണ്.

Also Read: കൊലപാതകത്തിന് തൊട്ടുമുമ്പ് പിറന്നാളാഘോഷം; കരമന കൊലക്കേസിലെ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

click me!