പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ മര്‍ദ്ദിച്ചു; മുന്‍ എസ്എഫ്ഐ നേതാവിനെതിരെ കേസ്

By Web TeamFirst Published Aug 9, 2021, 12:34 AM IST
Highlights

എസ്എഫ്എൈ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവുമാണ് വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്തത്. 

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പെൺകുട്ടിയെ ഉപദ്രവിച്ചത് ചോദ്യചെയ്ത ഡിവൈഎഫ്ഐ നേതാക്കളെ മർദ്ദിച്ചതായി പരാതി. ജില്ലാ വൈസ് പ്രസിഡന്റ് അടക്കം നാല് പേർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റി അംഗത്തെ അടക്കം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.

 ഡിവൈഎഫ്ഐ പ്രവർത്തകയായ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതികളിലൊരാൾ ശല്യപ്പെടുത്തിയിരുന്നു. എസ്എഫ്എൈ മുൻ ജില്ലാ കമ്മിറ്റി അംഗത്തിന്റെ സഹോദരനും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവുമാണ് വീട്ടിലെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്തത്. 

സംഭവം പെൺകുട്ടി ഡിവൈഎഫ്ഐ നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെ നേതാക്കൾ ഇടപെട്ട് പൊലീസിൽ പരാതി നൽകിയതും കേസെടുപ്പിച്ചതുമാണ് പ്രതികളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഓഫീസിന് സമീപത്തെത്തിയാണ് ഡിവൈഎഫ്ഐ നേതാക്കളെ സംഘം ആക്രമിച്ചത്.  ജില്ലാ വൈസ്പ്രസിഡന്റും സിപിഎം കോന്നി ഏരിയ കമ്മിറ്റി എം അനീഷ്കുമാർ, ബ്ലോക്ക് ഭാരവാഹികളായ ജിബിൻ ജോർജ്, അഭിരാജ്, എം. അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്.

പ്രതിയായിട്ടുള്ള എസ്എഫ്ഐ നേതാവിനെ ഒരു വർഷം മുമ്പ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതാണെന്നാണ് സംഘടനയുടെ വിശദീകരണം. അച്ചടക്ക ലംഘനത്തിന് പുറത്താക്കപ്പെട്ട ഇയാൾക്ക് അന്ന് മുതൽ വൈരാഗ്യം ഉണ്ടെന്നും നേതാക്കൾ പറയുന്നു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികൾ പറയുന്നത് ഇപ്പോഴും പാർട്ടി പ്രവർത്തകർ തന്നെയാണെന്നാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!