ഗുണ്ടാനേതാവ് 'ഡബിൾ' രഞ്ജിത്തിന്‍റെ കൊലപാതകം; എട്ടുപേര്‍ പിടിയില്‍

Web Desk   | Asianet News
Published : Mar 13, 2022, 12:46 AM IST
ഗുണ്ടാനേതാവ് 'ഡബിൾ' രഞ്ജിത്തിന്‍റെ കൊലപാതകം; എട്ടുപേര്‍ പിടിയില്‍

Synopsis

ഡബിൾ രഞ്ജിത്ത് എന്ന് വിളിക്കുന്ന വില്ലിവാക്കം അഗതീശ്വർ കോവിൽ സ്ട്രീറ്റിലെ ഗുണ്ടയെയാണ് എതിരാളികളായ ഗുണ്ടാസംഘം ന്യൂ ആവടി റോഡിൽ വച്ച് വെട്ടിക്കൊന്നത്. 

ചെന്നൈ: ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെത്തുടർന്ന് ചെന്നൈ നഗരത്തിൽ (Chennai City) ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. വില്ലിവാക്കം സ്വദേശിയായ ഗുണ്ടാ നേതാവ് ഡബിൾ രഞ്ജിത്തിനെയാണ് (Double Renjith) ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കഴിഞ്ഞ ദിവസം നഗരത്തിലെ ന്യൂ ആവടി റോഡിൽ വച്ച് പട്ടാപ്പകൽ വെട്ടിക്കൊന്നത്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

വില്ലിവാക്കം, ഐസിഎഫ്, ഷോളവാരം സ്റ്റേഷനുകളിലായി രണ്ട് കൊലപാതക കേസുകളിലും നിരവധി വധശ്രമക്കേസുകളിലും പ്രതിയായ ഡബിൾ രഞ്ജിത്ത് എന്ന് വിളിക്കുന്ന വില്ലിവാക്കം അഗതീശ്വർ കോവിൽ സ്ട്രീറ്റിലെ ഗുണ്ടയെയാണ് എതിരാളികളായ ഗുണ്ടാസംഘം ന്യൂ ആവടി റോഡിൽ വച്ച് വെട്ടിക്കൊന്നത്. എ കാറ്റഗറി റൗഡി ലിസ്റ്റിലുള്ള സ്ഥിരം കുറ്റവാളിയായ ഇയാൾക്ക് 22 വയസ് മാത്രമായിരുന്നു പ്രായം.

ഒരു കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഇയാൾ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷം റെഡ് ഹിൽസ് പ്രദേശത്തേക്ക് താവളം മാറ്റിയിരുന്നു. എതി‍ർ സംഘത്തിലെ ഗുണ്ടകൾ ആക്രമിച്ചേക്കുമെന്ന ഭയത്തിലായിരുന്നു ഇത്. വട്ടിപ്പലിശ പിരിച്ച പണം പങ്കിടുന്നതിനിടെ ഉണ്ടായ തർക്കത്തിൽ രണ്ടാഴ്ച മുമ്പ് രഞ്ജിത്ത് മറ്റൊരു ഗുണ്ടയായ സൊട്ടൈ സെൽവത്തെ ആക്രമിച്ചിരുന്നു. 

ഇതിനെ തുടർന്ന് ഇരു സംഘങ്ങളും പരസ്പരം ആക്രമിക്കാൻ തീരുമാനിച്ചിരുന്നു. രഞ്ജിത്തും കൂട്ടാളി സതീഷും സൊട്ടെ സെൽവത്തെ നേരിടാൻ ആയുധങ്ങളുമായി ബൈക്കിൽ പോകുന്നതിനിടെ എതിർസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. രഞ്ജിത് നഗരമധ്യത്തിൽ വെട്ടേറ്റ് കിടന്ന് ചോരവാർന്ന് മരിച്ചു. കൂട്ടാളി സതീഷിനും ഗുരുതരമായി പരിക്കേറ്റു.

സിസിടിവി ദൃശ്യങ്ങളും കോൾ റെക്കോർഡുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊലയാളി സംഘത്തിലെ അഞ്ച് പേരെ അസിസ്റ്റന്‍റ് കമ്മീഷണർ ബി.സഹദേവന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പ്രതികളെല്ലാവരും 30 വയസിൽ താഴെയുള്ളവരാണ്.

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ