
കൊല്ലം: കടയ്ക്കലില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന എഴുപതുകാരനെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോഷണ ശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കടയ്ക്കല്‍ പൊതിയാരുവിള ഇഞ്ചിമുക്ക് സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഗോപാലനെ ദിവസവും രാവിലെ മകനെത്തിയാണ് വിളിച്ചുണര്‍ത്താറ്. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെ മകനെത്തുമ്പോള്‍ കണ്ടത് വിവസ്ത്രനായി കാലിലും കഴുത്തിലും പരുക്കുകളോടെ മരിച്ചു കിടക്കുന്ന ഗോപാലനെയാണ്.
കട്ടിലിനു നേരെ മുകളിലായി ഗോപാലന്‍റെ കൈലി മുണ്ട് ഉത്തരത്തില്‍ കെട്ടിയ നിലയിലും കണ്ടെത്തി. ഒന്നര പവന്‍ മാലയും വലിയ ടോര്‍ച്ചും കാണാതായെന്നും മകന്‍ പൊലീസിനോട് പറഞ്ഞു. വൈകുന്നേരത്തോടെ ചടയമംഗലത്തെ സ്വര്‍ണക്കടയില്‍ മാല വില്‍ക്കാനെത്തിയ ആളെ കടയുടമ സംശയം തോന്നി പൊലീസില്‍ ഏല്‍പ്പിച്ചു. വില്‍ക്കാന്‍ കൊണ്ടു വന്ന മാല ഗോപാലന്‍റേതു തന്നെയെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മറ്റൊരാള്‍ വില്‍ക്കാന്‍ നല്‍കിയ മാലയാണ് ഇതെന്ന മൊഴിയാണ് കസ്റ്റഡിയിലുളള യുവാവ് പൊലീസിന് നല്‍കിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മാല വില്‍ക്കാനായി ഏല്‍പ്പിച്ചയാളെ കുറിച്ച് അന്വേഷണം തുടരുകയാണ്. ഇയാളെ കണ്ടെത്തുന്നതോടെ ഗോപാലന്‍റെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam