
മുംബൈ: വൈദ്യുതി ബില്ലിന്റെ പേരിലുള്ള സൈബര്‍ തട്ടിപ്പിനിരയായി 72കാരനായ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍. മുംബൈ മുലുണ്ടിലെ ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ഇരയായി ഏഴര ലക്ഷം രൂപ നഷ്ടമായത്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ പേരിലാണ് വ്യാജസന്ദേശം എത്തിയതെന്ന് തട്ടിപ്പിനിരയായ രഘുനാഥ് കരംബേല്‍ക്കര്‍ പറഞ്ഞു. മുന്‍ മാസങ്ങളിലെ ബില്ല് അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കില്‍ ഉടന്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന വ്യാജ മുന്നറിയിപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പ് നടന്നതെന്ന് രഘുനാഥ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ബില്ലുകളെല്ലാം താന്‍ തീര്‍പ്പാക്കിയെന്ന് രഘുനാഥ് മറുപടി നല്‍കിയെങ്കിലും തങ്ങളുടെ രേഖകളില്‍ അത് പ്രതിഫലിച്ചിട്ടില്ലെന്ന് തട്ടിപ്പുകാരന്‍ ആവര്‍ത്തിച്ചു. തുടര്‍ന്ന് പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന, തട്ടിപ്പുസംഘം രഘുനാഥിന്റെ വാട്‌സ്ആപ്പിലേക്ക് ഒരു ലിങ്ക് അയച്ചു, അതില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ ഫോണില്‍ ലിങ്ക് തുറക്കാന്‍ സാധിക്കാതെ വന്നതോടെ രഘുനാഥ് അത് ഭാര്യയുടെ നമ്പറിലേക്ക് ഫോര്‍വേഡ് ചെയ്തു. ലിങ്ക് തുറന്നപ്പോള്‍, വ്യക്തിഗത വിവരങ്ങള്‍ നല്‍കാനും അഞ്ചു രൂപ അടയ്ക്കാനുമാണ് സൈബര്‍ തട്ടിപ്പു സംഘം ആവശ്യപ്പെട്ടതെന്ന് രഘുനാഥ് പറഞ്ഞു.
'മറ്റൊന്നും ആലോചിക്കാതെ തങ്ങള്‍ അത് ചെയ്തു. അല്‍പസമയത്തിന് ശേഷമാണ് രണ്ടു അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന ഏഴര ലക്ഷം രൂപ പിന്‍വലിച്ചെന്ന സന്ദേശം വന്നത്.' ഇതോടെയാണ് തട്ടിപ്പിനിരയായെന്ന വിവരം അറിഞ്ഞതെന്ന് രഘുനാഥും ഭാര്യയും പറഞ്ഞു. തുടര്‍ന്ന് ഇരുവരും പരാതിയുമായി സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പണം കൈമാറിയ അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.ഇതോടൊപ്പം തട്ടിപ്പുകാര്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മഹാരാഷ്ട്ര സൈബര്‍ പൊലീസ് ആവശ്യപ്പെട്ടു. ഫോണുകളിലെത്തുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അപരിചിതര്‍ക്കും മറ്റും കൈമാറരുതെന്നും പൊലീസ് നിര്‍ദേശിച്ചു.
'റോബിനെ' വഴി നീളെ പൊക്കി എംവിഡി; ഉദ്യോഗസ്ഥരെ കൂവി വിളിച്ച് നാട്ടുകാര്‍, വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam