Asianet News MalayalamAsianet News Malayalam

'റോബിനെ' വഴി നീളെ പൊക്കി എംവിഡി; ഉദ്യോഗസ്ഥരെ കൂവി വിളിച്ച് നാട്ടുകാര്‍, വീഡിയോ

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു.

mvd again stopped robin bus at puthukkad joy
Author
First Published Nov 18, 2023, 1:24 PM IST

തൃശൂര്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ വെല്ലുവിളിച്ച് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന്‍ ബസിനെ പുതുക്കാട് വച്ചും തടഞ്ഞ് പരിശോധന നടത്തി. എംവിഡിയുടെ നടപടിയെ പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍ കൂവി വിളിച്ചു. തുടര്‍ച്ചയായ പരിശോധന തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാരും പ്രതികരിച്ചു. അതേസമയം, സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. 

നേരത്തെ മൂന്നു തവണ ബസ് എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയത്. പിഴ ചുമത്തിയെങ്കിലും ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു. 
 


ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് 26കാരനായ മലയാളി; യാക്കൂബിനും നിധിന്‍ ദാസിനും പിന്നാലെ നഹീലും
 

Follow Us:
Download App:
  • android
  • ios