
ജയ്പൂർ: പതിനൊന്ന് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയതിന് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായി പൊലീസ് റിപ്പോർട്ട്. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. ചൊവ്വാഴ്ചയാണ് പതിനാറും പതിമൂന്നും വയസ്സുള്ള ആൺകുട്ടികളെ അറസ്റ്റ് ചെയ്തത്. ഡിസംബർ 28നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാനില്ലെന്ന് ഡിസംബർ 26ന് പിതാവ് പരാതി നൽകിയിരുന്നു.
സംഭവത്തിലെ പ്രധാന പ്രതിയായ പതിനാറ് വയസ്സുകാരൻ കുട്ടിക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു. ടോയ്ലറ്റിന് സമീപത്തേക്ക് ബോൾ പോയപ്പോൾ കുട്ടിയോട് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടു. മനഃപൂർവ്വമാണ് ബോൾ അവിടേക്കെറിഞ്ഞത്. കുട്ടി ബോളെടുക്കാൻ പോയപ്പോൾ കുട്ടിയുടെ തല ഭിത്തിയിലിടിപ്പിച്ച്, കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പൊലീസ് സൂപ്രണ്ട് ഹൈദർ അലി സെയ്ദി വ്യക്തമാക്കി. കൊലയ്ക്ക് ശേഷം മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കാൻ സഹായിക്കുന്നതിന് പതിമൂന്ന് വയസ്സുള്ള സഹോദരനെ വിളിച്ചു വരുത്തുകയായിരുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സഞ്ജയ് കുമാർ ഡിസംബർ 26ാം തീയതി മകനെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. ക്രിക്കറ്റ് കളിക്കാൻ പോയ മകൻ മടങ്ങിവന്നില്ല എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. പരാതി ലഭിച്ച ഉടനെ തന്നെ ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന സംഘടനകളും അന്വേഷണത്തിൽ സഹകരിച്ചിരുന്നു. അതേസമയം കാണാതായ കുട്ടിയുടെ അയൽവാസിയായ പതിനാറുകാരനിലേക്കും അന്വേഷണം തിരിയുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുട്ടികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുട്ടിയെ അന്വേഷിക്കാൻ ഇവരും സഹായിച്ചിരുന്നു. പത്താം ക്ലാസിന് ശേഷം പഠനം അവസാനിപ്പിച്ച പതിനാറുകാരൻ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും കൊല്ലപ്പെട്ട കുട്ടിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടാൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam