ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഇഎംസിസി ഡയറക്ടര്‍; തെളിവ് കണ്ടെത്താനാകാതെ പൊലീസ്

Published : Apr 08, 2021, 07:53 AM IST
ബോംബെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ഇഎംസിസി ഡയറക്ടര്‍; തെളിവ് കണ്ടെത്താനാകാതെ പൊലീസ്

Synopsis

ആക്രമണം നടന്നുവെന്ന ഷിജുവിന്‍റെ പരാതിക്ക് അടിസ്ഥാനമായ തെളിവുകളൊന്നും സംഭവ സ്ഥലത്തു നിന്ന് പൊലീസിന് കിട്ടിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കിയുളള തുടര്‍ നടപടികളെ കുറിച്ചാണ് പൊലീസ് ആലോചിക്കുന്നത്.

കൊല്ലം: പോളിങ് ദിനത്തിൽ തന്‍റെ വാഹനത്തിനു നേരെ പെട്രോള്‍ബോംബ് എറിഞ്ഞെന്ന ഇഎംസിസി ഡയറക്ടറുടെ പരാതിയിലെ നിജസ്ഥിതി സ്ഥിരീകരിക്കാനാകാതെ പൊലീസ്. ആക്രമണം നടന്നുവെന്ന ഷിജുവിന്‍റെ പരാതിക്ക് അടിസ്ഥാനമായ തെളിവുകളൊന്നും സംഭവ സ്ഥലത്തു നിന്ന് പൊലീസിന് കിട്ടിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ തെളിവുകള്‍ ഉറപ്പാക്കിയുളള തുടര്‍ നടപടികളെ കുറിച്ചാണ് പൊലീസ് ആലോചിക്കുന്നത്.

കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിനു നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. എന്നാല്‍, ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഇത്തരത്തിലൊരു വാഹനം കടന്നു പോയതിന്‍റെ സൂചനകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല.

നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിട്ടില്ല. സംഭവം നടന്ന മേഖലയിലെങ്ങും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതും പൊലീസിന്‍റെ ആശയക്കുഴപ്പം കൂട്ടുന്നു. മാത്രമല്ല ബോംബേറുണ്ടായിട്ടും കാര്യമായ ഒരു തകരാറും ഷിജു വര്‍ഗീസ് സഞ്ചരിച്ച വാഹനത്തിന് ഉണ്ടായിട്ടില്ല എന്നതും അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകരാണ് വാഹനം ആക്രമിച്ചതെന്ന സൂചനയുളള മൊഴിയാണ് ഷിജു പൊലീസിന് നല്‍കിയിരിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ദിവസം സിപിഎം പ്രവര്‍ത്തകര്‍ ഇത്തരമൊരു ആക്രമണം നടത്തുമോ എന്ന ചോദ്യവും പൊലീസിനു മുന്നിലുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഷിജു വര്‍ഗീസ് ബോധപൂര്‍വം ശ്രമിച്ചുവെന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ആരോപണം കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുന്നത്.

എന്നാല്‍, ഏറെ വിവാദമായ വിഷയമാണ് എന്നതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച ശേഷം മാത്രം തുടര്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് പൊലീസ് സംഘം. അന്തിമ ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍ അതുവരെ പോളിങ് ദിവസത്തിലരങ്ങേറിയ സംഭവത്തിലെ ദുരൂഹതകള്‍ തുടരുമെന്ന് ചുരുക്കം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ