
കൊല്ലം: ലോൺ തിരിച്ചടവ് മുടങ്ങിയതിന് ദമ്പതികളെ വീട് കയറി അക്രമിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിയായ സിദ്ദീഖിനും ഭാര്യ ആശയ്ക്കുമാണ് ബജാജ് ഫിൻസെർവ് ജീവനക്കാരുടെ മർദ്ദനമേറ്റത്. വീട്ടമ്മയുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. തവണ വ്യവസ്ഥയിൽ വാങ്ങിയ സ്മാർട്ട് ഫോണിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനാണ് കഴിഞ്ഞ ദിവസം ദമ്പതികളെ ബജാജ് ഫിൻസെർവിന്റെ ജീവനക്കാർ വീട് കയറി മർദ്ദിച്ചത്.
പതിനേഴായിരം രൂപയുടെ ഫോണ്‍ ആറു മാസത്തെ തിരിച്ചടവിനാണ് ദമ്പതികൾ വാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാൽ സിദ്ദീഖിന് ജനുവരി മാസത്തെ തിരിച്ചടവ് മുടങ്ങി. ഇതേച്ചൊല്ലി ജീവനക്കാരുമായി ഫോണിലൂടെ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രിയിൽ നാലംഗ സംഘം വീട്ടിൽ കയറി അക്രമിക്കുകയായിരുന്നുവെന്നാണ് ഇരുവരുടേയും ആരോപണം.
ആശയുടെ വസ്ത്രം വലിച്ചു കീറുകയും സിദ്ദീഖിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് കുടുംബം പറയുന്നത്. തന്റെ മകൾക്ക് നേരെയും ജീവനക്കാർ ഭീഷണി മുഴക്കിയെന്നും സിദ്ദീഖ് ആരോപിക്കുന്നു. ദമ്പതികളുടെ പരാതിയിൽ ഇരവിപുരം പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്.
അതേസമയം പുറത്തുള്ള ഏജൻസിയെയാണ് പണം പിരിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും അക്രമത്തിൽ പങ്കില്ലെന്നുമാണ് ബജാജ് ഫിൻസെര്‍വ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിശദീകരണം. അതേസമയം, ആലുവയിൽ ഇസാഫ് ബാങ്കിന് മുന്നിൽ കുഞ്ഞുമായി പ്രതിഷേധിച്ച യുവതിക്ക് പണയം വച്ച 16 പവൻ സ്വർണ്ണം ബാങ്ക് തിരിച്ച് നൽകി. പുലർച്ചെ രണ്ടര മണിവരെ നീണ്ട പ്രതിഷേധമാണ് ഒടുവിൽ ഫലം കണ്ടത്. പണയ സ്വർണ്ണത്തിന്‍റെ മുതലും പലിശയും അടച്ചിട്ടും മറ്റൊരു വായ്പാ കുടിശികയുണ്ടെന്ന് പറഞ്ഞ് സ്വർണ്ണം വിട്ടു നൽകാതിരുന്നതാണ് പ്രതിഷേധത്തിൽ കലാശിച്ചത്.
കടിക്കാൻ പാഞ്ഞെത്തിയ വളർത്തുനായകളെ പട്ടിയെന്ന് വിളിച്ചതിന് ഉടമയുമായി തർക്കം; വൃദ്ധനെ കുത്തിക്കൊന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam