കൃഷി സ്ഥലത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വൃദ്ധൻ വഴിയിൽ ആക്രമിക്കാൻ വന്ന നായകളെ പട്ടി എന്ന് വിളിച്ചതിനെച്ചൊല്ലി നായ്ക്കളുടെ ഉടമയുമായി ഉണ്ടായ കലഹത്തിന് ഒടുവിലാണ് കൊലപാതകം

ചെന്നൈ: നായയെ പട്ടിയെന്ന് വിളിച്ചതിന് തമിഴ്നാട്ടിൽ വൃദ്ധനെ കുത്തിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ മരവപ്പട്ടിയിലാണ് സംഭവം. കൃഷി സ്ഥലത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വൃദ്ധൻ വഴിയിൽ ആക്രമിക്കാൻ വന്ന നായകളെ പട്ടി എന്ന് വിളിച്ചതിനെച്ചൊല്ലി നായ്ക്കളുടെ ഉടമയുമായി ഉണ്ടായ കലഹത്തിന് ഒടുവിലാണ് കൊലപാതകം. ദിണ്ടിഗൽ മരവപ്പട്ടിക്ക് സമീപമുള്ള ഉലഗപട്ടിയാർ തോട്ടത്തിൽ ജോലി കഴിഞ്ഞ് കൊച്ചു മകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു രായപ്പൻ.

പോകും വഴി ബന്ധുവായ ശവരിയമ്മാളിന്‍റെ വീട്ടിലെ നായകൾ രായപ്പന് നേരെ ഓടിയടുത്തു. നായകളെ ഓടിക്കാൻ വടിയെടുക്കാൻ രായപ്പൻ പേരക്കുട്ടിയോട് ആവശ്യപ്പെട്ടു. നായകളെ തുരത്തുന്നതിനിടെ പട്ടി എന്ന് വിളിച്ചതിനെച്ചൊല്ലി ശവരിയമ്മാളിന്‍റെ മകനായ വിൻസെന്‍റുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ബഹളം കേട്ടെത്തിയ വിൻസന്‍റിന്‍റെ അനുജൻ ദാനിയേൽ കത്തിയെടുത്ത് രായപ്പനെ കുത്തി. നെഞ്ചിന്‍റെ വലതുഭാഗത്ത് കുത്തേറ്റ രായപ്പൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

65 വയസായിരുന്നു. വിവരമറിഞ്ഞെത്തിയ താടിക്കൊമ്പ് പൊലീസാണ് മൃതദേഹം ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. കൊലയ്ക്ക് ശേഷം ദാനിയേൽ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം, തന്‍റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയത്തില്‍ അയല്‍വാസിയുടെ പ്രാവുകളെ യുവാവ് വിഷം കൊടുത്ത് കൊലപ്പെടുത്തിയ വാർത്ത രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ താന സദർ ബസാറിലാണ് സംഭവം ഉണ്ടായത്. മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

താന സദർ ബസാറിലെ മൊഹല്ല അമൻസായില്‍ താമസിക്കുന്ന ആബിദ് എന്ന യുവാവാണ് തന്‍റെ അയല്‍വാസിയായ അലിയുടെ പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ആബിദിന്‍റെ വളര്‍ത്തു പൂച്ചയെ അടുത്തിടെ കാണാതായിരുന്നു. പൂച്ചയെ അലി കൊലപ്പെടുത്തിയെന്നാണ് ആബിദ് കരുതിരിയിരുന്നത്. ഇതിന്‍റെ പ്രതികാരമായാണ് ഇയാള്‍ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പക്ഷി സ്നേഹിയായ അലിയുടെ വീട്ടില്‍ 78 ഓളം പ്രാവുകളുണ്ട്. ഇതില്‍ 30 പ്രാവുകളാണ് വിഷം ഉള്ളില്‍ ചെന്ന് ചത്തത്. പ്രാവുകള്‍ക്കുള്ള തീറ്റയില്‍ ആബിദ് വിഷം കലര്‍ത്തിയതാണെന്നാണ് പ്രാഥമിക വിവരം. 

മനുഷ്യക്കടത്ത്, കൂട്ട ബലാത്സംഗം, മനുഷ്യമാംസം കഴിക്കൽ; അപൂർവങ്ങളിൽ അപൂർവം; ഇലന്തൂർ റോസ്ലി കേസിൽ കുറ്റപത്രം