
ഇടുക്കി: കുമളിക്കടുത്ത് വിശ്വനാഥപുരം ക്ഷേത്രത്തിൽ മോഷണം നടത്തിയ യുവതിയടക്കമുള്ള രണ്ടു പ്രതികളുമായി കുമളി പൊലീസ് തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിനുള്ളില്‍ കയറ്റി തെളിവെടുപ്പ് നടത്താനാകില്ലെന്ന് പറഞ്ഞ് നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പൊലീസിന് പ്രതികളുമായി മടങ്ങേണ്ടി വന്നു.
സംഭവം ഇങ്ങനെ
ഈ മാസം മൂന്നിനാണ് ആലപ്പുഴ കൃഷ്ണപുരം കിഴക്കേതിൽ മുഹമ്മദ് അന്‍വർ ഷയും , കാര്‍ത്തികപ്പള്ളി കൃഷ്ണപുരം ചാലയ്ക്കൽ കോളനി ശിവജിഭവനിൽ സരിതയും ചേര്‍ന്ന് വിശ്വനാഥപുരം ക്ഷേത്രത്തിൽ പട്ടാപ്പകൽ മോഷണം നടത്തിയത്. ബൈക്കിലെത്തിയ ഇവര്‍ രണ്ട് കാണിക്ക വഞ്ചികളിലെ പണമാണ് മോഷ്ടിച്ചത്. ഒരു കാണിക്കവഞ്ചി മുഴുവനോടെ ഇളക്കിയെടുത്ത് ബൈക്കില്‍ കയറി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ക്ഷേത്രത്തിനുള്ളിൽ കടന്ന അൻവർഷ പുറത്ത് ബൈക്കിനു സമീപം നിന്ന സരിതക്ക് കാണിക്ക വഞ്ചി കൈമാറുന്ന ദൃശ്യങ്ങൾ ക്ഷേത്രത്തിൽ സ്ഥാപിച്ച സി സി ടി വി യില്‍ പതിഞ്ഞതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
മോഷ്ടിച്ച കാണിക്ക വഞ്ചി ഒന്നാംമൈലിൽ പണിതു കൊണ്ടിരിക്കുന്ന വീടിന് സമീപമെത്തിച്ച് പണമെടുത്തു. ഇതിനു ശേഷം കുമളി മൂന്നാം മൈലിലുള്ള ഒരു ലോഡ്ജിൽ മൂന്നു ദിവസം താമസിച്ച ശേഷമാണ് കടന്നു കളഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് വൈക്കം വെച്ചൂർ റോഡിലെ മൂന്ന് ക്ഷേത്രങ്ങളിലും പള്ളിയുടെ കപ്പേളയിലും മോഷണം നടത്തി. ഈ കേസന്വേഷണത്തിനിടെ ഏറ്റുമാനൂരിൽ നിന്നും ഇരുവരെയും വൈക്കം പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കുമളിക്കടുത്ത് മോഷണം നടത്തിയതും ഇവര്‍ സമ്മതിച്ചു. തുടർന്ന് കുമളി പൊലീസ് ഇരുവരെയും കസ്റ്റിയിൽ വാങ്ങി. പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാർ സംഘടിച്ചെത്തി ബഹളമുണ്ടാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതികളെ ക്ഷേത്രത്തില്‍ കയറ്റിയില്ല.
ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭാര്യ പരാതി നൽകി, പ്രതിക്ക് 15 വർഷം തടവ്
ഒന്നാം മൈലില്‍ കാണിക്കവഞ്ചി ഉപേക്ഷിച്ച സ്ഥലത്തും ബൈക്കിന് ഇന്ധനം നിറച്ച പെട്രോൾ പമ്പിലും താമസിച്ച ലോഡ്ജിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുപതിനായിരത്തോളം രൂപ കാണിക്കവഞ്ചിലുണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. 2018 മുതല്‍ അൻവർഷായും സരിതയും ഒരുമിച്ചാണ് താമസിക്കുന്നത്. ബൈക്കിൽ കറങ്ങി നടന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് മോഷണം നടത്തുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലെ നിരവധി മേഷണക്കസുകളിൽ ഇവർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.