
സാഗര്‍: ഭാര്യയുമായി വഴക്കിടുന്നതിനിടെ ഇടപെട്ട സഹോദരനെയും അനന്തരവനെയും മുന്‍ സൈനികന്‍ വെടിവെച്ച് കൊന്നു. മകള്‍ക്കു നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പ്രതി രാംധർ തിവാരിയെ (50) പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.
രാംധർ ഭാര്യ സന്ധ്യയുമായി വഴക്കിടുന്നതിനിടെ ജ്യേഷ്ഠൻ രാംമിലനും (62) അനന്തരവന്‍ അജ്ജുവും (36) ഇടപെട്ട് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. ഉടന്‍ രാംധർ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിവെയ്ക്കുകയായിരുന്നു. വീടിന് പുറത്തുവെച്ച് മകള്‍ വര്‍ഷയ്ക്ക് (24) നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. സാഗര്‍ ജില്ലയിലെ ലാലേപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്തു നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം.
ഗുരുതരമായി പരിക്കേറ്റ രാംമിലനെയും അജ്ജുവിനെയും ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും മരണം സംഭവിച്ചത്. വെടിവെപ്പില്‍ പരിക്കേറ്റ വര്‍ഷ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് രാംധര്‍ തന്റെ കാറിലാണ് രക്ഷപ്പെട്ടത്. ഇയാളെ മണിക്കൂറുകൾക്കുള്ളില്‍ പിടികൂടിയെന്ന് സനോധ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ പി ദുബെ പറഞ്ഞു. പ്രതി മുൻ സൈനികനാണെന്നും ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു. പ്രതിക്ക് നാല് പെൺമക്കളും ഒരു മകനുമുണ്ട്. ആക്രമണം നടക്കുമ്പോൾ ഇയാളുടെ രണ്ട് മക്കള്‍ സ്‌കൂളിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam