'ഗേ ഡേറ്റിംഗ് ആപ്പ്', തട്ടിപ്പിന് പുതിയ വഴി; യുവാക്കളെ കുടുക്കി ബ്ലാക്ക്‍മെയിലിംഗ്, 4 പേർ പിടിയിൽ

By Web TeamFirst Published May 27, 2023, 8:57 PM IST
Highlights

ആപ്പിലൂടെ പരിചയപ്പെട്ട ശേഷം പ്രതികള്‍ യുവാക്കളെ വിളിച്ച് വരുത്തും, പിന്നീട് നഗ്ന ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

ദില്ലി: ഡേറ്റിംഗ് ആപ്പ് വഴി സ്വർഗ്ഗാനുരാഗികളെ കുടുക്കി പണം തട്ടിയെടുത്ത സംഭവത്തിൽ ദില്ലിയിൽ നാല് യുവാക്കൾ പിടിയിൽ.  സ്വവർഗാനുരാഗികള്‍ക്കായുള്ള ഡേറ്റിംഗ് ആപ്പ് 'ഗ്രിൻഡർ' വഴിയാണ് പ്രതികള്‍ ഇരകളെ വലയിലാക്കിയത്. ഒടുവിൽ ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. രണ്ടു പരാതികളാണ് പൊലീസിന് ലഭിച്ചത്. 

ആദ്യത്തെ പരാതിയിൽ ഗാസിയാബാദ് നിവാസിയായ അരുൺ കുമാർ (22),   വിശാൽ കോഹ്‌ലി (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതിയും ദില്ലി സഹാബാദ്  നിവാസിയുമായ രാജേഷ് കുമാറിനെയും (42) പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സരിത വിഹാർ ഹൗസ്  നിവാസിയായ ബന്ദ എന്ന അനൂജ് (21) ആണ് പിടിയിലായത്.

പ്രതികളുടെ പക്കൽ നിന്ന് കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയ രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചതായി എസിപി രാജേഷ് ദിയോ പറഞ്ഞു. കിഴക്കൻ ദില്ലിയിൽ സജീവമായ രണ്ട് സ്വവർഗ്ഗാനുരാഗ റാക്കറ്റുകളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. ആപ്പിലൂടെ പരിചയപ്പെട്ട ശേഷം പ്രതികള്‍ യുവാക്കളെ വിളിച്ച് വരുത്തും, പിന്നീട് നഗ്ന ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്നാണ് ഇരകള്‍ പൊലീസിൽ ആദ്യം വിവരം അറിയിക്കാഞ്ഞത്. എന്നാൽ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. റാക്കറ്റിന് പിന്നിൽ കൂടുതൽ പേരുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Read More : ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, അമ്മവീട്ടിൽ വിരുന്നിടെ ഒന്നര വയസുകാരന് ദാരുണാന്ത്യം

click me!