
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവുകൾ പൊലീസ് കണ്ടെത്തി. കോഴിക്കോട്ടെ ഹോട്ടലിൽ വച്ച് കൊല നടത്താൻ ഉപയോഗിച്ച ചുറ്റിക, മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ, മരിച്ച സിദ്ദിഖിന്‍റെ എടിഎം കാർഡ്, ചോരപുരണ്ട വസ്ത്രങ്ങൾ എന്നിവ മലപ്പുറം അങ്ങാടിപ്പുറത്തിനടുത്ത് ചീരാട്ട്മലയിൽ നിന്നാണ് കണ്ടെടുത്തത്. മൃതദേഹവശിഷ്ടങ്ങൾ ട്രോളി ബാഗുകളിൽ ആക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയ ശേഷമാണ് പ്രതികൾ ആളൊഴിഞ്ഞ ഈ പ്രദേശത്ത് ഇവ ഉപേക്ഷിച്ചത്. മുഖ്യപ്രതികളായ ഷിബിലി, ഫർഹാന എന്നിവരുമായി തിരൂർ പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. മൊബൈൽ ഫോണുകൾ അടക്കം കണ്ടെത്താൻ അടുത്ത ദിവസങ്ങളിൽ കോഴിക്കോട്, അട്ടപ്പാടി ചുരം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും.
ഹണി ട്രാപ്പിനിടെ സിദ്ദിഖിന്‍റെ കൊലപാതകം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചത് എതിര്‍ത്തപ്പോള്‍ ഷിബിലി ചുറ്റിക കൊണ്ട് തലയ്ക്കും നെഞ്ചിനും അടിച്ച് വീഴ്ത്തി. ഫർഹാനയാണ് ചുറ്റിക എടുത്ത് നൽകിയത്. മറ്റൊരു പ്രതിയായ ആഷിഖ്. സിദ്ദിഖിന്‍റെ വാരിയെല്ലിന് ചവിട്ടുകയും ചെയ്തു. കൊലപാതകത്തിന് ശേഷം അസമിലേക്ക് പ്രതികള്‍ കടക്കാൻ ശ്രമിക്കുന്നതിടെയാണ് ചെന്നൈയിൽ നിന്നും പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam