
പാലാ: പോലീസുകാരന്‍റെ വ്യാജ അക്കൗണ്ട് വഴി സമൂഹ മാധ്യമങ്ങളിൽ പണം തട്ടാൻ ശ്രമം. പാലാ എസ്എച്ച്ഒ കെപി ടോംസന്‍റെ പേരിൽ ആണ് വ്യാജ അക്കൗണ്ടുകൾ തയാറാക്കി പണം തട്ടാൻ ശ്രമം നടക്കുന്നത്. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലുമാണ് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചത്. സൈബർസെൽ അന്വേഷണം തുടങ്ങി.
സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നയാളാണ് പാലാ എസ്എച്ചഒ കെപി ടോംസൻ. ഇത് മുതലെടുത്താണ് തട്ടിപ്പ് സംഘത്തിന്‍റെ പ്രവർത്തനം. ഫേസ്ബുക്കിൽ നിന്നെടുത്ത ചിത്രങ്ങളുപയോഗിച്ച് ഏപ്രിൽ നാലിനാണ് ആദ്യം അക്കൗണ്ട് ഉണ്ടാക്കിയത്.
എസ്എച്ച്ഒയുടെ ഫേസ്ബുക്കിലെ സുഹൃത്തുക്കളോട് വ്യാജ പ്രൊഫൈലിനുടമ മെസഞ്ചർ വഴി പണം ആവശ്യപ്പെട്ടു. ഇതറിഞ്ഞ ടോംസൻ സൈബർസെല്ലിന്‍റെ സഹായത്തോടെ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
എന്നാൽ 19 ആം തീയതി വാട്ട്സ്ആപ്പ് വഴി പണം തട്ടാനും ശ്രമമുണ്ടായി. ടോംസന്‍റെ ചിത്രം ഡിപിയാക്കി ചേർത്തായിരുന്നു തട്ടിപ്പ്. ഫേസ്ബുക്കിൽ ടോംസന്‍റെ സുഹൃത്തുക്കളായവരുടെ ഫോൺ നമ്പരുകളിലേയ്ക്കാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ എത്തിയത്. രണ്ട് നമ്പരുകളിൽ നിന്നായിരുന്നു തട്ടിപ്പിന് ശ്രമം.
ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മേൽവിലാസമുള്ള നമ്പരുകളിൽ നിന്നാണ് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതെന്ന് കണ്ടെത്തി. പണം നഷ്ടമായതായി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല. തട്ടിപ്പിന് ശ്രമം നടക്കുന്നതായും ജാഗ്രത പാലിക്കണമെന്നും എസ്എച്ച്ഒ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ മുന്നറിയിപ്പ് നല്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam