
ഇടുക്കി: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് വനം വകുപ്പ് കള്ള കേസെടുത്ത ആദിവാസി യുവാവ് സരുൺ സജിയുടെ പരാതിയിൽ നടപടി വൈകിപ്പിച്ചതിന് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. പോലീസ് റിപ്പോർട്ടിൽ വ്യക്തതയില്ലാത്തതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. സരുൺ സജി നൽകിയ പരാതിയിലാണ് ഇടപെടൽ.
കള്ളക്കേസിൽ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥകർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സരുൺ സജി ഉപ്പുതറ പോലീസിൽ പരാതി നൽകിയിരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയതിനാൽ പീരുമേട് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കേസിൽ പ്രതി ചേർത്ത പതിമൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ പതിനൊന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസിൽ പ്രതികളായ മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുൽ, സീനിയർ ഗ്രേഡ് ഡ്രൈവർ ജിമ്മി ജോസഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിന്റെ പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സരുൺ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പീരുമേട് ഡി.വൈ.എസ്. പിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് കമ്മീഷൻ വിലയിരുത്തി. ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉപ്പുതറ എസ്.എച്ച്.ഒ യോടും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. കഴിഞ്ഞ സെപ്റ്റംബർ ഇരുപതിനാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുൺ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. തുടരന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്പെന്റ് ചെയ്യുകയും കേസ് വനം റദ്ദാക്കുകയും ചെയ്തിരുന്നു.
കാട്ടിറച്ചിയെന്ന പേരില്‍ ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; വനപാലകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam