
ജയ്പൂര്‍: മോട്ടിവേഷന്‍ ക്ലാസുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ വ്യാജ ഐപിഎസ് ഓഫീസര്‍ അറസ്റ്റില്‍. 20-കാരനായ പ്രതി അഭയ് മീണ പ്ലസ് ടു പരാജയപ്പെട്ട ശേഷം ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഐ ഐ ടി,യു പി എസ്‍ സി പരീക്ഷകള്‍ക്ക് സഹായിക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കി നിരവധി ഉദ്യോഗാര്‍ത്ഥികളെയാണ് കബളിപ്പിച്ചത്.
ജഗത്പുരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വെള്ളിയാഴ്ച അഭയ് മീണയെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും തന്റെ സ്വാധീനം ഉപയോഗിക്കുമെന്നും പറഞ്ഞ് ഇയാള്‍ പൊലീസിനെ വിരട്ടാന്‍ നോക്കി. പക്ഷേ പൊലീസ് ഇയാളെ തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു.
തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
പ്ലസ് ടു പരാജയപ്പെട്ട അഭയ് മീണ പിന്നീട് സ്വയം പ്രഖ്യാപിത ഐപിഎസ് ഉദ്യോഗസ്ഥനായി. ചെറിയ പ്രായത്തിനുള്ളില്‍ ഐപിഎസ് സ്വന്തമാക്കിയ താരമായാണ് മീണയെ സാമൂഹ്യ മാധ്യമങ്ങള്‍ വാഴ്ത്തിയത്. ഇതോടെ ശ്രദ്ധേയനായ ഇയാള്‍ തന്റെ സിവില്‍ സര്‍വ്വീസ് നേട്ടത്തെക്കുറിച്ച് മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന മോട്ടിവേഷന്‍ ക്ലാസുകളുമായി തട്ടിപ്പ് നടത്തി സധൈര്യം വിലസുകയായിരുന്നു.
മൂന്ന് നക്ഷത്രങ്ങള്‍ പതിച്ച വ്യാജ ഔദ്യോഗിക കാറിലായിരുന്നു അഭയ് മീണ നഗരം ചുറ്റിയിരുന്നത്. പൊലീസില്‍ ഡിജി അല്ലെങ്കില്‍ അസിസ്റ്റന്റ് ഡിജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മൂന്ന് നക്ഷത്രങ്ങള്‍ പതിച്ച കാര്‍ ഉപയോഗിക്കുന്നത്. അതിവിദഗ്ധമായി തട്ടിപ്പ് നടത്തിയ ഇയാളുടെ കാര്‍ ഇതുവരെ ട്രാഫിക് പൊലീസുകാര്‍ പോലും തടഞ്ഞിട്ടില്ല. ആള്‍മാറാട്ടം നടത്തി ജീവിച്ചിരുന്ന അഭയ് മീണ പല ഫാഷന്‍ ഷോകളിലും പാര്‍ട്ടികളിലും മുഖ്യാതിഥി ആയി. നിരവധി പൊലീസുകാര്‍ ഇയാളെ സല്ല്യൂട്ട് ചെയ്യുകയും ആദരിക്കുകയും ചെയ്തു.
ആഢംബര വീടുകളില്‍ താമസിച്ചിരുന്ന മീണ നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലുകളില്‍ നിന്ന് മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. എന്നാല്‍ ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കുന്നതിന് പകരം ഐപിഎസ് ഓഫീസര്‍ എന്ന വ്യാജ വ്യക്തിത്വം മുതലെടുത്ത് ഇയള്‍ പണമടയ്ക്കാതെ രക്ഷപെടുമായിരുന്നു. മാത്രമല്ല നിയമസഹായം ആവശ്യപ്പെട്ട് എത്തുന്നവരെ ഇയാള്‍ സഹായിച്ചിരുന്നെന്നും നിരവധി ചാര്‍ജ് ഷീറ്റുകള്‍ മീണയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഐ പി എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മീണയ്ക്ക് അനേകം പുസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പരിശോധനയ്ക്കിടെ തന്‍റെ പൊലീസ് കാര്‍ഡ് കാണിച്ചപ്പോള്‍ അതില്‍ 'ക്രൈംബ്രാഞ്ച്' എന്നും 'ക്യാപിറ്റല്‍' എന്നും എഴുതിയിരിക്കുന്നതില്‍ അക്ഷര തെറ്റുകണ്ടതോടെ സംശയം തോന്നിയ പൊലീസ് തന്ത്രപൂര്‍വ്വം ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam