
ഹൈദരാബാദ്: ഹൈദരാബാദിൽ യുവതിയുടെ മൃതദേഹത്തോടൊപ്പം അമ്മയും സഹോദരനും കഴിഞ്ഞത് ഒരാഴ്ചയോളം. തെലങ്കാനയിലെ മെഡ്ചാൽ ജില്ലയിലെ ജീഡിമെറ്റ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സമീപത്തെ വീട്ടിൽ നിന്നും കുറച്ച് ദിവസങ്ങളായി ദുർഗന്ധം വമിച്ചതോടെ അയൽവാസികൾക്ക് സംശയം തോന്നി പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് പൊലീസെത്തിയെങ്കിലും വാതിൽ അകത്ത് നിന്നും പൂട്ടി നിലയിൽ ആയിരുന്നു. ഏറെ നേരം വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല.
ഒടുവിൽ പൊലീസ് വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴാണ് 45 വയസുകാരിയെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വീടിന്‍റെ പ്രധാന ഹാളിലെ കട്ടിലിൽ അഴുകിയ നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ അമ്മയും സഹോദരനും ഇതേ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ തങ്ങൾ മരണത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അതേസമയം വീട്ടുകാരെ കുറച്ച് ദിവസങ്ങളായി പുറത്ത് കണ്ടിട്ടില്ലെന്നും അമ്മയും സഹോദരനും വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നുവെന്നുമാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി.
യുവതിയുടെ അമ്മയ്ക്കും സഹോദരനും മാനസികപ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. മൃതദേഹത്തിന് ആറ് ദിവസത്തോളം പഴക്കമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ത്രീ മരിച്ചതാകാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Read More : തൃശ്ശൂരിൽ പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam