പ്രതിയെ പിടിക്കാനെത്തിയ പൊലീസുമായി കയ്യാങ്കളി; മൂന്നു പേർക്കെതിരെ കേസ്

By Web TeamFirst Published Jan 18, 2022, 12:42 AM IST
Highlights

ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കിഴക്കേ കല്ലടയിലുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്. നാട്ടിലെ ബാറിലുണ്ടായ സംഘർഷവുമായി ബന്ധപെട്ടു കിഴക്കേ കല്ലട സ്വദേശി ആകാശ് മോഹനെ അന്വേഷിച്ച് എത്തിയതാണ് പൊലീസ്.

കൊല്ലം: കിഴക്കേ കല്ലടയില്‍ അടിപിടി കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരും പ്രതിയുടെ കുടുംബാംഗങ്ങളും തമ്മില്‍ കയ്യാങ്കളി. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ പൊലീസില്‍ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അകാരണമായി മര്‍ദനം അഴിച്ചുവിടുകയും ചെയ്തെന്നാണ് പ്രതിയുടെ കുടുംബാംഗങ്ങളുടെ പരാതി

ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കിഴക്കേ കല്ലടയിലുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങളാണിത്. നാട്ടിലെ ബാറിലുണ്ടായ സംഘർഷവുമായി ബന്ധപെട്ടു കിഴക്കേ കല്ലട സ്വദേശി ആകാശ് മോഹനെ അന്വേഷിച്ച് എത്തിയതാണ് പൊലീസ്. സഹോദരന്‍ അനന്തുവിന്‍റെ ബൈക്കില്‍ എത്തിയാണ് ആകാശ് ബാറില്‍ പ്രശ്നമുണ്ടാക്കിയതെന്നും പൊലീസ് പറയുന്നു. അനന്തുവിനെയും കസ്റ്റഡിയിലെടുക്കാനുളള ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

സഹോദരന്‍മാരെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്ത പൊലീസ് ഇവരുടെ പിതാവ് ശശി മോഹനെതിരെയും കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് കേസെടുത്തു. എന്നാല്‍ പൊലീസ് നിരപരാധിയായ ഇളയ മകനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെന്നും വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. 

പൊലീസിനെ ആക്രമിച്ചതിന് കേസ് ചുമത്തപ്പെട്ട ആകാശും അനന്ദുവും റിമാന്‍ഡിലാണ്. മൂന്നാം പ്രതിയായ ശശി മോഹനും ഭാര്യ പ്രസന്നയും പൊലീസില്‍ നിന്ന് മര്‍ദനമേറ്റെന്ന പരാതിയുമായി കുണ്ടറ ആശുപത്രിയില്‍ ചികില്‍സയിലുമാണ്.

click me!