
കണ്ണൂർ: സിറ്റിയിൽ ചികിത്സ നൽകാതെ പതിനൊന്നുരി മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്റ്റിലായിരിക്കുകയാണ്. ആശുപത്രിയിൽ കൊണ്ടുപോകാതെ ജപിച്ച് ഊതൽ നടത്തിയതിനാണ് ഫാത്തിമയുടെ പിതാവ് അബ്ദുൾ സത്താറും കുഞ്ഞിപ്പള്ളി ഇമാം ഉവൈസും പിടിയിലായത്. എന്നാൽ സമാനമായ സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്നാണ് പുതിയ പരാതി. അഞ്ചുവർഷത്തിനിടെ മറ്റ് നാലുപേർ കൂടി മരിച്ചെന്ന പുതിയ പരാതിയിൽ ഇമാമിനെതിരെ പൊലീസ് പരിശോധന തുടങ്ങിയിട്ടുണ്ട്.
കണ്ണൂർ സിറ്റി നാലുവയലിൽ സത്താർ സാബിറ ദമ്പതികളുടെ മകൾ എംഎ ഫാത്തിമയെന്ന 11 കാരിയാണ് കഴിഞ്ഞ ഞായറാഴ്ച സ്കൂൾ തുറക്കുന്നതിന് തലേന്ന് പനിബാധിച്ച് മരിച്ചത്. നാലു ദിവസമായി പനിച്ച് വിറച്ചിട്ടും കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയില്ല. കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന്റെ നിർദ്ദേശപ്രകാരം ഖുറാൻ സൂക്തങ്ങൾ ചൊല്ലുകയും മന്ത്രിച്ച വെള്ളം നൽകുകയും ചെയ്തു.
ആരോഗ്യനില തീർത്തും മോശമായതോടെ ആണ് ഉസ്താദ് വന്ന് ജപ ചികിത്സ നടത്തിയത്. ആരോഗ്യനില തീർത്തും വഷളായിട്ടും ഒടുവിൽ മരിച്ച ശേഷമാണ് ഇവർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെപ്രാഥമിക നിഗമനം. സംഭവത്തിൽ കുട്ടിയുടെ പിതാവ് സത്താറിനെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ഉസ്താതിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ ചുമത്തിയും കേസെടുത്തു.
ഉവൈസും ഭാര്യയുടെ അമ്മ ഷുഹൈബയും ചേർന്ന് പടിക്കൽ ഹൗസ് എന്ന വീട് കേന്ദ്രീകരിച്ച് ജപിച്ച് ഊതൽ കൊല്ലങ്ങളായി നടത്തുന്നുണ്ട്. പടിക്കൽ കുടുംബത്തിൽ തന്നെയുള്ള സിറാജ് എന്നയാളുടെ ഉമ്മയും ആശുപത്രിയിൽ കൊണ്ടുപോകാതെ മൂന്ന് കൊല്ലം മുമ്പ് മരണപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ചതിന് സ്വത്ത് വിഹിതം നൽകി സിറാജിനെ കുടുംബത്തിൽ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. അഞ്ചുവർഷത്തിനിടെ ചികിത്സ കിട്ടാതെ മൊത്തെ അഞ്ചുപേർ മരിച്ചെന്ന പരാതിയിലും ഇമാമിനെതിരെ ഇനി അന്വേഷണം നടക്കും.
ഇമാമായ ഉവൈസിൻ്റെ സ്വാധീനം മൂലമാണ് മകൾക്ക് ചികിത്സ നൽകാൻ സത്താർ തയ്യാറാവാതിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിപ്പള്ളി പ്രദേശത്തെ പടിക്കൽ ഹൗസ് എന്ന വീട്ടിൽ താമസിക്കുന്ന ഉവൈസ് പ്രദേശവാസികളിലെല്ലാം അന്ധവിശ്വാസം പടർത്താൻ ശ്രമിച്ചിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉവൈസും ജിന്നുമ്മ എന്ന പേരിലറിയപ്പെടുന്ന ഇയാളുടെ ഭാര്യ മാതാവ് ഷഹീബയും ചേർന്നാണ് പലരേയും ഇത്തരം അന്ധവിശ്വാസങ്ങളിലേക്കും അശാസ്ത്രീയ ജീവിതരീതികളിലേക്കും ആകർഷിച്ചിരുന്നത്.
ആശുപത്രിയിൽ പോകുന്നതിനേയും ഡോക്ടർമാരെ കാണുന്നതിനുമെതിരെ ജിന്നുമ്മയും ഉവൈസും വ്യാപക പ്രചാരണം നടത്തിയിരുന്നുവെന്നാണ് വിവരം. ഡോക്ടർമാർ പിശാചുകളാണെന്നും ആശുപത്രിയിൽ വച്ചാൽ നരകത്തിൽ പോകുമെന്നായിരുന്നു ഇവർ നടത്തിയിരുന്ന പ്രചരണം. ഉവൈസും ജിന്നുമ്മയും വാക്സീൻ എടുത്തിട്ടില്ല. കുടുംബത്തിലുള്ളവരെ വാക്സീൻ എടുക്കാനും ഇയാൾ സമ്മതിച്ചിരുന്നില്ല. ഇയാളുടെ ഭാര്യയുടെ പ്രസവവും വീട്ടിൽ വച്ചായിരുന്നു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ ഈ കുടുംബത്തിന് നേരെ നാട്ടുകാർ തന്നെ രംഗത്ത് എത്തിയിരുന്നു.
ഈ സാഹചര്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഈ കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ച് പൊലീസ് വിവരശേഖരണം തുടങ്ങിയിട്ടുണ്ട്. പനി വന്ന് ഗുരുതരാവസ്ഥയിലായി മൂന്ന് ദിവസം കഴിഞ്ഞിട്ടും കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നില്ലെന്ന് ഉവൈസിൻ്റെ ബന്ധുവും പൊതുപ്രവർത്തകനുമായി സിറാജ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തുകയായിരുന്നു..
ഉവൈസിൻ്റെ നേതൃത്വത്തിലുള്ള മന്ത്രവാദ ചികിത്സ മൂലം തന്റെ കുടുംബത്തിൽ മൂന്ന് പേർ മരിച്ചിട്ടുണ്ടെന്ന് സിറാജ് പറയുന്നു. ഇതിനെ എതിർത്തതിൻ്റെ പേരിൽ തനിക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും സിറാജ് പറയുന്നു. തൻ്റെ മാതൃസഹോദരിയുടെ മകൻ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ ഉവൈസ് വന്ന് നിർബന്ധമായി ഡിസ്ചാർജ് ചെയ്യിപ്പിച്ചു.
പിന്നെ ഇവരുടെ ചികിത്സയിൽ ആരോഗ്യനില മോശമായ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും. അർധസഹോരദരനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച തന്നെ ഉവൈസും അയാളുടെ ഭാര്യസഹോദരനും ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും സിറാജ് വെളിപ്പെടുത്തി. ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മതത്തിൻ്റെ മറവിൽ ഇവർ ചെയ്യുന്നതെന്നും സിറാജ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam