വയോധികന്‍റെ അപകട മരണം: ദുരൂഹത നീങ്ങാതെ 41 നാളുകൾ, ആരോപണവുമായി നാട്ടുകാര്‍

By Web TeamFirst Published Nov 3, 2021, 12:05 AM IST
Highlights

ഭാര്യ മാലതിയെ ജോലിചെയ്യുന്ന കടയിലേക്ക് നടന്ന് കൊണ്ടുചെന്നാക്കി ബാലകൃഷ്ണന്‍ വീട്ടിലേക്ക് മടങ്ങും വഴി സപ്റ്റംബർ 21 നാണ് അപകടം. 

കോഴിക്കോട്: ഫറോക്കില്‍ മധ്യവയസ്കന്‍ റോഡപകടത്തില്‍ മരിച്ച സംഭവത്തില്‍ നാല്‍പത് ദിവസം കഴിഞ്ഞിട്ടും അപകടകാരണം ദുരൂഹമായി തുടരുന്നു. വാഹനമിടിച്ചുണ്ടായ പരിക്കാണ് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ, വാഹനത്തില്‍നിന്ന് വീണുണ്ടായ അപകടമെന്നാണ് പൊലീസ് നിഗമനം. പക്ഷേ ഏതുവാഹനമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

ഭാര്യ മാലതിയെ ജോലിചെയ്യുന്ന കടയിലേക്ക് നടന്ന് കൊണ്ടുചെന്നാക്കി ബാലകൃഷ്ണന്‍ വീട്ടിലേക്ക് മടങ്ങും വഴി സപ്റ്റംബർ 21 നാണ് അപകടം. ആ സമയത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്ന് സമീപത്തുണ്ടായിരുന്നവർ പറയുന്നു. നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവറാണ് ചോരയൊലിച്ചു കിടന്ന ബാലകൃഷ്ണനെ ആദ്യം കണ്ട് ആശുപത്രിയിലെത്തിക്കുന്നത്. 

പിറ്റേന്ന് മെഡിക്കല്‍ കോളേജില്‍വച്ച് മരണം സംഭവിച്ചു. തലയുടെ ഇടത് ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇരുചക്ര വാഹനത്തില്‍നിന്നും വീണപ്പോഴുണ്ടായതാണ് ഈ മുറിവെന്നും ഡോക്ടർമാരുടെ നിഗമനം. എന്നാല്‍ ബാലകൃഷ്ണന്‍ അന്ന് സ്കൂട്ടറില്‍ കയറിയിട്ടേയില്ലെന്ന് ഭാര്യ തീർത്ത് പറയുന്നു.

പകൽ, ആൾത്തിരക്കുളളയിടത്ത് നടന്ന അപകടത്തിന് ദൃക്സാക്ഷികളാരുമില്ലെന്നതും പോലീസിനെ കുഴക്കുന്നു. ബാലകൃഷ്ണന്‍ കയറിയെന്ന് പോലീസ് പറയുന്ന ഇരുചക്രവാഹനവും ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രദേശവാസിയായ മറ്റൊരു ഓട്ടോഡ്രൈവറെയാണ് ബന്ധുക്കൾ സംശയിക്കുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. ഇരുചക്രവാഹനത്തിൽ നിന്ന് വീണുണ്ടായ അപകടത്തിനാണ് സാധ്യതയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും ഈ വാഹനമോ ഇതോടിച്ചയാളെയോ കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേപ്പൂർ സിഐ പറയുന്നു. അപകടത്തിന് ദൃക്സാക്ഷികളില്ലെന്നതിലും പോലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. നാട്ടുകാരും ബന്ധുക്കളും നിരത്തുന്ന സംശയങ്ങളും അന്വേഷണത്തിന്‍റ ഭാഗമായി പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

അപകടത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷന്‍ കൗൺസില്‍ രൂപീകരിച്ച് ജനകീയ ധർണയടക്കം സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് വീട്ടിലെത്തി ഉത്തരവാദികളെ പിടികൂടുമെന്ന് ഉറപ്പും നല്‍കി. പക്ഷേ 41 ദിവസം പിന്നിട്ടിട്ടും ദുരൂഹത നീങ്ങുന്നില്ല.
 

click me!