
തഞ്ചാവൂര്‍: തമിഴ്നാട് തഞ്ചാവൂരിൽ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. അതിവേഗം പണക്കാരനാകാന്‍ മകളെ ബലിനല്‍കണമെന്ന ഉപദേശത്തെ തുടര്‍ന്നാണ് കൊലപാതകം. അച്ഛനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ അവരാംപാട്ടിയിലാണ് കൊവിഡ് സമയത്തെ ദാരുണ സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് 15 വയസ്സുള്ള മകളുടെ മൃതദേഹം വീടിന് സമീപത്തെ തോട്ടത്തില്‍ കണ്ടെത്തിയത്.
കഴുത്തിലും മുഖത്തും ആഴത്തില്‍ മുറിവേറ്റിരുന്നു. കുട്ടിയെ രാത്രി ആരോ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അമ്മയുടെ പരാതി. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി. മാതാപിതാക്കളെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലപാതകം ആണെന്ന് തെളിഞ്ഞു. പ്രദേശത്തെ സുബ്രഹ്മണി എന്ന മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് കുട്ടിയെ കൊന്നതെന്ന് പിതാവ് ജയശീലന്‍ സമ്മതിച്ചു.
പെട്ടെന്ന് പണവും ഐശ്വര്യവും ഉണ്ടാകാന്‍ മകളെ ബലി നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഹോട്ടല്‍ ബിസിനസ്സുകാരനാണ് ജയശീലന്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബിസിനസ് നഷ്ടത്തിലായിരുന്നു. ബന്ധു മുരുകേശന്‍റെ സഹോയത്തോടെ വീടിന് സമീപത്ത് വച്ചാണ് ജയശീലന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. രാത്രി മൃതദേഹം തോട്ടത്തില്‍ ഉപേക്ഷിച്ചു. പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഒന്നും അറിയാത്തത് പോലെ അഭിനയച്ചു. സംഭവശേഷം ഒളിവില്‍ പോയ മന്ത്രവാദിയെ അവരാംപാട്ടി വനാതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam