
ബെംഗളൂരു: കർണ്ണാടകയിൽ മദ്യപിച്ച് വീട്ടിലുള്ളവരെ തല്ലിച്ചതച്ച മകനെ മരത്തിൽ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തി പിതാവ്. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുരയ്ക്ക് സമീമുള്ള വണിഗരഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുപ്പതുകാരനായ ആദർശ് ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തുന്ന യുവാവ് വീട്ടിലുള്ളവരെ മർദ്ദിക്കുന്നത് പതിവായിരുന്നു. മകന്‍റെ അതിക്രമം സഹിക്കവയ്യാതെയാണ് അച്ഛൻ ഈ കടും കൈ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ ആദർശിന്‍റെ പിതാവ് ജയരാമയ്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദർശ് പതിവായി മദ്യപിച്ച് ലക്കുകെട്ടാണ് വീട്ടിലെത്താറെന്ന് പിതാവ് പറഞ്ഞു. സ്ഥിരമായി വീട്ടിലുള്ളവരെ ഉപദ്രവിക്കും. മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിലുള്ളവരെ അതിക്രൂരമായി തല്ലിച്ചതക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ ദിവസം വൈകിട്ടു മദ്യപിക്കാൻ ആദർശ് പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിന് ഇയാൾ അമ്മയെ ക്രൂരമായി മർദ്ദിച്ചു. തടയാൻ ശ്രമിച്ച അച്ഛൻ ജയരാമയ്യയേും ആദർശ് തല്ലിച്ചതച്ചു.
അതിക്രമത്തിന് ശേഷം വീട്ടിൽനിന്നും പുറത്തേക്ക് പോയ ആദർശ് രാത്രിയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലെത്തിയ ആദർശ് വീണ്ടും വീട്ടുകാരുമായി വഴക്കിട്ടു. ഇതോടെ പിതാവ് വീടിനോടു ചേർന്നുള്ള തോട്ടത്തിലേക്ക് ആദർശിനെ കൂട്ടി കൊണ്ടുപോയി. പിന്നീട് തോട്ടത്തിലെ മരത്തിൽ കെട്ടിയിട്ടു. രക്ഷപെടാതിരിക്കാൻ കയ്യും കാലും പിറകിലേക്കു കൂട്ടിക്കെട്ടിയ ശേഷം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ദൊഡ്ഡബലവംഗല പൊലീസ് സ്ഥലത്തെത്തി ജയരാമയ്യയെ അറസ്റ്റ് ചെയ്തു. തുടർനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.
Read More : ഫ്രാൻസിൽ കലാപം രൂക്ഷം; അഞ്ചാം ദിനവും തെരുവിലിറങ്ങി പ്രക്ഷോഭകാരികൾ, കൊള്ളയും തീവയ്പ്പും,1300 പേർ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam