
ബഹ്രൈച്ച് : സ്വന്തം വീടിനു മുന്നിലെ റോഡരികിൽ രാത്രി ഇരുട്ടിയ ശേഷം ഒന്ന് മൂത്രമൊഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു ഉത്തർപ്രദേശിലെ ബഹ്രൈച്ച് ജില്ലയിലെ ഒരു യുവാവ്. ഇങ്ങനെ പരസ്യമായി മൂത്രമൊഴിച്ചു എന്നും പറഞ്ഞുകൊണ്ട് അയൽക്കാരുമായി തുടങ്ങിയ വഴക്ക് അവസാനിച്ചത് അവരിൽ അരഡസനോളം പേർ ചേർന്ന് വടി കൊണ്ട് ഈ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തുന്നതിലാണ്.
ബഹ്രൈച്ച് ജില്ലയിലെ റിസിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖൈറി ദിഖോലി എന്ന ഗ്രാമത്തിലാണ് സംഭവം. ഇവിടെ താമസമുള്ള സുഹേൽ എന്ന 22 വയസ്സുകാരനാണ് ഇങ്ങനെ ഒരു ദുര്യോഗമുണ്ടായത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. റാം മൂർത്ത്, ആത്മാ രാം, രാം പാൽ, സ്‌നേഹി, മഞ്ജീത് എന്നിങ്ങനെ ചില അയൽക്കാർ ഇതിന്റെ പേരിൽ വലിയ വടികളും കൊണ്ടുവന്ന് സുഹേലിനെ വളഞ്ഞിട്ടു പൊതിരെ തല്ലി. വടികൊണ്ട് തലക്ക് അടിയേറ്റ സുഹേലിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റു.
യുവാവിന്റെ നിലവിളി കേട്ട് ഓടിവന്ന ബന്ധുക്കൾക്കും ഈ അക്രമികളുടെ മർദ്ദനമേറ്റു. ഒടുവിൽ ഭീതിനിറഞ്ഞ ഒരു സാഹചര്യം പ്രദേശത്ത് സൃഷ്‌ടിച്ച ശേഷം അക്രമികൾ സ്ഥലംവിടുകയായിരുന്നു. പരിക്കേറ്റു ചോരയൊലിപ്പിച്ചു കിടന്ന സുഹേലിനെ ബന്ധുക്കൾ ഉടനടി ആശുപത്രിയിൽ എത്തിച്ചു എങ്കിലും, ജീവൻ രക്ഷിക്കാനായില്ല. സുഹേലിനെ ആക്രമിച്ച മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തുകഴിഞ്ഞു എന്ന് ഹിന്ദുസ്ഥാൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam