
ചെന്നൈ: കാമുകിയുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ റെയിൽവേ സിഗ്നൽ ബോക്‌സ് തകര്‍ത്ത് യുവാവ്. തമിഴ്നാട്ടിലെ തിരുപ്പത്തൂരിലാണ് സംഭവം. ചൊവ്വാഴ്ച ഉദ്യോഗസ്ഥർ തിരുപ്പത്തൂരിൽ റെയിൽവേ ട്രാക്കുകൾ പരിശോധിക്കുന്നതിനിടെ സിഗ്നൽ ബോക്‌സ് കേടായതായി കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ മദ്യലഹരിയിലായിരുന്ന ഗോകുല്‍ എന്ന യുവാവിനെ പിടികൂടുകയും ചെയ്തു.
ആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥർ ഗോകുലിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം സിഗ്നൽ ബോക്‌സിന് കേടുപാടുകൾ ഉണ്ടാക്കിയത് താനാണെന്ന് സമ്മതിച്ചില്ല. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകിയുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ ചെയ്തപോയതെന്നാണ് ഗോകുല്‍ പറഞ്ഞത്.
ഇതിനിടെ ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭര്‍ത്താവ് മരണപ്പെട്ടതായി കാണിച്ച് വ്യാജമായി നഷ്ടപരിഹാര തുക സ്വന്തമാക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങിയ വാര്‍ത്തയും പുറത്ത് വന്നു. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ തന്‍റെ ഭർത്താവായ ബിജയ് ദത്ത മരിച്ചതായി കാണിച്ച് നഷ്ടപരിഹാര തുക നേടിയെടുക്കാൻ ശ്രമിച്ചത്.
ഒരു മൃതദേഹം തന്റെ ഭർത്താവിന്‍റേതാണെന്ന് ഇവര്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ, രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ അവകാശവാദം തെറ്റാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഗുരുതര തട്ടിപ്പ് നടത്താൻ ശ്രമിച്ച ഗീതാഞ്ജലിയെ താക്കീത് നൽകി പൊലീസ് വിട്ടയച്ചു. പക്ഷേ, ഇവരുടെ ഭര്‍ത്താവായ ബിജയ് ദത്ത മണിബണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇതോടെ അറസ്റ്റ് ഭയന്ന് യുവതി ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ബിജയ് ദത്തയും ഗീതാഞ്ജലിയും പിരിഞ്ഞ് ജീവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊതുപണം തട്ടിയെടുക്കാനും തന്റെ മരണം വ്യാജമായി ചമയ്ക്കാനും ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam