
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് കൊച്ചുമകളുടെ വീട് കത്തിച്ച മധ്യവയസ്കൻ പിടിയിൽ. നിലമേൽ സ്വദേശി അബുബക്കറാണ് അറസ്റ്റിലായത്. സാമ്പത്തിക തർക്കത്തിന്റെ പേരിലാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച പുലർച്ചയാണ് കൊച്ചുമകളായ നൗഫിതയുടെ വീടിന് പിൻവശത്തെ കൂട്ടിയിട്ടിരുന്ന വിറകിന് എഴുപതുകാരനായ അബൂബക്കർ തീയിട്ടത്. തീ പടര്‍ന്ന് വിടിന്റെ ഒരുഭാഗം പൂർണമായി കത്തി.
മറ്റൊരു കൊച്ചുമകളുടെ കല്ല്യാണം നടത്താനെന്ന പേരിൽ അബൂബക്കര്‍ നൗഫിതയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യുവതി പണം നൽകിയില്ല. തന്റെ വീട്ടിൽ പണം ചോദിച്ച് എത്തുന്നതും നൗഫിത വിലക്കിയിരുന്നു. ഇതിൽ പ്രകോപിതനായാണ് പ്രതി വീടിന് തീ വെച്ചത്. വീട്ടുകാർ നൽകിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത ചടയമംഗലം പൊലീസ് അബൂബക്കറെ നിലമേലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അതേസമയം, വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കടയ്ക്കലിൽ യുവതി ആത്മഹത്യചെയ്ത കേസിൽ യുവാവ് പിടിയിൽ. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവിൽ നിന്നും കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അഖിലും കടയ്ക്കൽ സ്വദേശിയായ യുവതിയും തമ്മിൽ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ജാതി പ്രശ്നത്തിന്റെ പേരിൽ അഖിലിന്റെ വീട്ടുകാർ ബന്ധത്തെ എതിര്‍ത്തു. എന്നാൽ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി യുവതിയെ അഖിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെത്തുടര്‍ന്ന് കടയ്ക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരേയും കണ്ടെത്തിയത്.
തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കോണ്ട് പോയതെന്നും അഖിൽ മൊഴി നൽകി. ഇതോടെ വീട്ടുകാർ ഫെബ്രുവരി 24 ന് വിവാഹമുറപ്പിച്ചു. കല്ല്യാണ ദിവസം പെണ്‍കുട്ടി എത്തിയെങ്കിലും യുവാവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചതെന്നാണ് പരാതി. അഖിലിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ,ബലാത്സംഗം ,വഞ്ചനാ കുറ്റം എന്നിവ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തൊട്ടടുത്ത വീട്ടിലെ ഏഴു വയസുകാരിയോട് പാസ്റ്ററുടെ കൊടും ക്രൂരത; 20 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam