
ബെംഗളുരു: വെള്ളം കുടിക്കാനായി റോഡ് സൈഡില്‍ ബൈക്ക് നിര്‍ത്തിയ വനിതാ ബൈക്ക് റൈഡര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് അഭിഭാഷകന്‍. ദക്ഷിണ ബെംഗളുരുവിലെ നൈസ് റോഡില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വനിതാ ബൈക്ക് റൈഡര്‍മാര്‍ അതിക്രമം നേരിട്ടത്. ഷാരോണ്‍ സാമുവല്‍, പ്രിയങ്ക പ്രസാദ് എന്നീ റൈഡര്‍മാരെയാണ് അച്ഛനും മകനും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. നൈസ് റോഡില്‍ നിന്ന് ബന്നര്‍ഘട്ട എക്സിറ്റ് സമീപമായിരുന്നു സംഭവം. അന്തര്‍ ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വനിതകള്‍ക്ക് അതിക്രമത്തിന് ഇരയാവേണ്ടി വന്നത്.
റോഡരികില്‍ ബൈക്ക് നിര്‍ത്തിയതിന് പിന്നാലെ റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്തെ വീട്ടിലെ അച്ഛനും മകനും ഇവര്‍ക്കെതിരെ ആക്രോശിച്ച് എത്തുകയായിരുന്നു. റോഡിന് എതിര്‍വശത്തുള്ള ഇവരുടെ വീട്ടില്‍ നിന്ന് ബൈക്ക് പാര്‍ക്ക് ചെയ്ത ഭാഗത്തുള്ള തോട്ടത്തിലേക്കുള്ള വഴി അടച്ചിട്ട് പാര്‍ക്ക് ചെയ്തെന്ന് ആരോപിച്ച് ഇയാള്‍ ബൈക്കിന്‍റെ ചാവി ഊരിക്കൊണ്ട് പോവുകയും ചെയ്തിരുന്നു. നിങ്ങള്‍ ഇവിടെ നില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് യുവ അഭിഭാഷകനായ മഞ്ജുനാഥാണ് റൈഡര്‍മാരോട് ക്ഷുഭിതനായത്.
യുവതികള്‍ പൊലീസ് സഹായം തേടിയെങ്കിലും വളരെ വൈകിയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. അഭിഭാഷകനെതിരെ പൊലീസ് കേസ് എടുത്തു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് മാത്രമാണ് യുവ അഭിഭാഷകന്‍ ബൈക്കിന്‍റെ ചാവി കൈമാറാന്‍ തയ്യാറായത്. കുറച്ച് മുന്നോട്ട് പോയാല്‍ ടോള്‍ സ്റ്റേഷനുണ്ടെന്നും അവിടെ പോയി വെള്ളം കുടിച്ച് വിശ്രമിക്കാന്‍ സാഹചര്യമുണ്ടെന്നും അതിനാലാണ് റൈഡര്‍മാരെ തടഞ്ഞതെന്നുമായിരുന്നു യുവാവിന്‍റെ വാദം. സ്ത്രീകളെ ആക്രമിക്കാനും തടഞ്ഞുവച്ചതിനുമാണ് അഭിഭാഷകനെതിരെ കേസ് എടുത്തിരിക്കുന്നത്.
വെള്ളം കുടിക്കാനായി റോഡ് സൈഡില്‍ ബൈക്ക് നിര്‍ത്തി; വനിതാ റൈഡര്‍മാരെ കയ്യേറ്റം ചെയ്ത് പിതാവും മകനും