ദില്ലിയില്‍ കോടതിക്കുള്ളില്‍ മാഫിയ സംഘങ്ങൾ തമ്മില്‍ വെടിവെപ്പ്; ഗുണ്ട തലവൻ അടക്കം മൂന്ന് പേര്‍ കൊലപ്പെട്ടു

By Web TeamFirst Published Sep 24, 2021, 2:40 PM IST
Highlights

ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കിയതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്.

ദില്ലി: ദില്ലി രോഹിണി കോടതിയിൽ (rohini court) മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പില്‍ (firing) മൂന്ന് മരണം. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാണ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റു

നോർത്ത് ദില്ലിയിലെ രോഹിണി ജില്ലാ കോടതിയിലെ രണ്ടാം നിലയിലെ 207-ാം നമ്പർ മുറിയിലാണ് രാജ്യത്തെ ഞെട്ടിച്ച വെടിവെപ്പ് നടന്നത്. കൊടുംകുറ്റവാളി ജിതേന്ദർ ഗോഗിയുടെ വിചാരണ നടക്കുന്നതിനിടെ അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേർ കോടതിമുറിയിൽ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 

ഗോഗിക്ക് നേരെ ഗുണ്ടാസംഘം വെടിവച്ചതിന് പിന്നാലെ ഇയാൾക്ക് അകമ്പടി നൽകാനെത്തിയ സെപ്ഷ്യൽ സെല്ലിൻ്റെ നോർത്തൺ റേഞ്ച് ഓഫീസർമാരായ ഹെഡ് കോൺസ്റ്റബിൾ കുൽദീപ്, ഹെഡ് കോൺസ്റ്റബിൾ സന്ദീപ്, കോൺസ്റ്റബിൾ രോഹിത്ത് എന്നിവർ ചേർന്ന് രണ്ട് അക്രമികളേയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആകെ എട്ട് തവണ പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തുവെന്നാണ് വിവരം. രണ്ട് പിസ്റ്റൽ ഗണ്ണുകളാണ് അക്രമികൾ ഉപയോഗിച്ചിരുന്നത്. 

ഉത്ത‍ർപ്രദേശിലെ ഭാ​ഗ്പഥ് സ്വദേശിയായ രാഹുൽ, ദില്ലിയിലെ ബക്കാർവാലാ സ്വദേശിയായ മോറിസ് എന്നിവരാണ് ​ഗോ​ഗിയെ വെടിവെച്ചു കൊന്നത് എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസ് കൊല്ലപ്പെടുത്തിയവരിൽ ഒരാൾ പിടികിട്ടാപ്പുള്ളിയാണെന്നും ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നതായും ദില്ലി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഗോ​ഗിയുടെ മുഖ്യശത്രുവും എതി‍ർ​ഗ്യാം​ഗിൽപ്പെട്ടയാളുമായ തിലു താജ്പൂരിയുടെ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് ദില്ലി പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. സുനിൽ എന്നാണ് തിലു താജ്പൂരിയുടെ ശരിയായ പേര്. മറ്റൊരു കേസിൽ ദില്ലി പൊലീസിൻ്റെ പിടിയിലായ ഇയാളിപ്പോൾ തീഹാ‍ർ ജയിലിൽ റിമാൻഡിലാണ്. ​ഗോ​ഗിയുടേയും തിലു താജ്പൂരിയുടേയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഇതുവരെ 25 പേ‍ർ കൊലപ്പെട്ടെന്നാണ് ദില്ലി പൊലീസ് പറയുന്നത്. ജിതേന്ദ്ര‍ർ മൻ എന്നാണ് ​ഗോ​ഗിയുടെ ശരിയായ പേര് കഴിഞ്ഞ വ‍ർഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

രോഹിണി കോടതിയിലെ വെടിവെപ്പിൽ ദില്ലി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നോർത്തേൺ റേഞ്ച് ജോയിൻ്റ് കമ്മീഷണ‍ർക്കാണ് അന്വേഷണ ചുമതല. രോഹിണിക്കോടതിയിൽ നടന്നത് അതീവ സുരക്ഷ വീഴ്ച്ചയാണെന്ന് ആം ആദ്മി പാർട്ടിയും ദില്ലി ബാർ അസോസിയേഷനും ആരോപിച്ചു. അക്രമവിവരം അറിഞ്ഞ് ദില്ലി പൊലീസ് കമ്മീഷണ‍ർ രാകേഷ് അസ്താന രോഹിണിക്കോടതിയിലെത്തിയിരുന്നു.  

click me!