അസമിൽ 'റിവഞ്ച് പോൺ' കേസുകൾ വർധിക്കുന്നു; കൂടുന്ന സൈബർ ക്രൈമിന് കുറഞ്ഞ ഡാറ്റനിരക്കുകളെ പഴിചാരി വനിതാ കമ്മീഷൻ

By Web TeamFirst Published Sep 24, 2021, 12:55 PM IST
Highlights

പങ്കാളിയുടെ നഗ്നദൃശ്യങ്ങൾ മുൻ പങ്കാളിയെ ഭീഷണിപ്പെടുത്തി പണം തട്ടാനോ, അല്ലെങ്കിൽ അവരെ സമൂഹ മധ്യത്തിൽ അപമാനിക്കാനോ വേണ്ടി ഉപയോഗിക്കുന്നതിനെ ആണ് 'റിവഞ്ച് പോൺ' എന്ന് പറയുന്നത്. 

കഴിഞ്ഞ ദിവസം പുറത്തുവന്ന National Crime Records Bureau (NCRB) യുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തെ സൈബർ ക്രൈം 12 ശതമാനം വർധിച്ചിരിക്കുകയാണ്. ആയിരത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിൽ വർധനവിന്റെ കാര്യത്തിൽ തെലങ്കാന ഒന്നാം സ്ഥാനത്തും,  ഗുജറാത്ത് രണ്ടാം സ്ഥാനത്തും വന്നപ്പോൾ, മൂന്നാം സ്ഥാനത്ത് എത്തിയിട്ടുള്ളത് അസം ആണ്. ഒരു ലക്ഷം പേർക്ക് ഇത്ര കേസ് എന്ന കണക്കിലും അസം മൂന്നാം സ്ഥാനത്തു തന്നെ ആണുള്ളത്. സൈബർ ക്രൈമുകളുടെ എണ്ണത്തിൽ അസമിനെക്കാൾ മോശം അവസ്ഥയിൽ വേറെയും സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും, നടന്ന കുറ്റകൃത്യങ്ങളുടെ പൊതുസ്വഭാവമാണ് അസമിലെ കേസുകളെ വ്യത്യസ്തമാകുന്നത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന മിക്ക സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക  തട്ടിപ്പുകൾ ആണെങ്കിൽ, അസമിൽ മുന്പന്തിയിലുള്ളത് റിവഞ്ച് പോൺ കേസുകളാണ്. അസമിലെ ആകെ 3530 കേസുകളിൽ ഒരു തരംതിരിച്ചുള്ള വിശകലനം നടത്തിയപ്പോൾ, അതിൽ 45 ശതമാനവും അശ്‌ളീല ദൃശ്യങ്ങൾ കാണിച്ചുള്ള ബ്ലാക്ക് മെയിലിങ്ങാണ് എന്നാണ് കാണുന്നത്. ഓൺലൈൻ സെക്സ് ക്രൈമുകളുടെ ദേശീയ ശരാശരിയായ 14.3 യുടെ മൂന്നു മടങ്ങോളം വരും ഇത്. 

എന്താണ്  'റിവഞ്ച് പോൺ' ? 

രണ്ടു വ്യക്തികൾ തമ്മിൽ പ്രണയത്തിലിരിക്കെ, ഇരുവർക്കുമിടയിൽ നടക്കുന്ന ലൈംഗികബന്ധത്തിന്റെയോ അടുത്തിടപഴകുന്നതിന്റെയോ ഒക്കെ ദൃശ്യങ്ങൾ  അവരിൽ ഒരാൾ മറ്റേ വ്യക്തിയുടെ  സമ്മതത്തോടെയോ അല്ലാതെയോ പകർത്തുന്നു. പിന്നീട് ഈ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായി തമ്മിൽ തെറ്റിപ്പിരിയുന്ന സാഹചര്യത്തിൽ പങ്കാളിയുടെ നഗ്നദൃശ്യങ്ങൾ മുൻ പങ്കാളിയെ ഭീഷണിപ്പെടുത്തി പണം തട്ടാനോ, അല്ലെങ്കിൽ അവരെ സമൂഹ മധ്യത്തിൽ അപമാനിക്കാനോ വേണ്ടി ഉപയോഗിക്കുന്നതിനെ ആണ് റിവഞ്ച് പോൺ എന്ന് പറയുന്നത്. 

അസമിൽ ഇത്തരത്തിലുള്ള കേസുകൾ കഴിഞ്ഞ ഒരു വർഷമായി കൂടുതലാണ് എന്നും ഇക്കാര്യത്തിൽ നീതിന്യായവ്യവസ്ഥയുടെ നടപടികൾ വളരെ പതുക്കെ ആണെന്നും, കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കപ്പെടേണ്ടതുണ്ട് എന്നും അസം വനിതാ കമ്മീഷൻ ചെയർ പേഴ്സൺ ചിക്കി മിക്കി താലൂക്ദാർ ദ പ്രിന്റിനോട് പറഞ്ഞു. അതേസമയം, തങ്ങൾ വളരെ പെട്ടെന്ന് തന്നെ നടപടി സ്വീകരിക്കാൻ സജ്ജമാണ് എന്നും, ബന്ധപ്പെട്ട മൊബൈൽ സോഷ്യൽ മീഡിയ സ്ഥാപനങ്ങളിൽ നിന്ന് വേണ്ട വിവരങ്ങൾ ശേഖരിക്കാനാണ് കാലതാമസം വരുന്നത് എന്ന് പൊലീസും പറഞ്ഞു.

സംസ്ഥാനത്തെ ഇന്റർനെറ്റ് ഡാറ്റ നിരക്കുകൾ വളരെ കുറവാണ് എന്നതും ഓൺലൈൻ സ്റ്റോക്കിങ്ങിനും സമാനമായ കുറ്റ കൃത്യങ്ങൾക്കും കാരണമാവുന്നുണ്ട് എന്നും താലൂക്ദാർ പറഞ്ഞു. അസമിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കേസന്വേഷണം ചാർജ് ഷീറ്റോളം എത്തുന്നതിലും കാര്യമായ ഉദാസീനതയുണ്ട് എന്നൊരു ആക്ഷേപവുമുണ്ട്. 2020 -ൽ രജിസ്റ്റർ ചെയ്യപ്പെട്ട 1983 കേസുകളിൽ ചാർജ് ഷീറ്റോളം എത്തിയത് വെറും 385 എണ്ണമാണ്. പല കേസുകളിലും തെളിവുകൾ ശേഖരിക്കാനുള്ള പൊലീസിന്റെ കഴിവില്ലായ്മ കാരണമാണ് വിചാരണ നീണ്ടു പോവുന്നതും, ചാർജ് ഷീറ്റ് സമയത്തിന് സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതും. അസമിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ സൈബർ സെല്ലിന് ലഭ്യമല്ലാത്തതാണ് കമ്പ്യൂട്ടറിനും, ഫേസ്‌ബുക്ക്/വാട്ട്സ്ആപ്പ് പ്രൊഫൈലുകൾക്കും പിന്നിൽ ഒളിച്ചിരുന്ന് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എന്ന് ഒരു അസം പോലീസ് ഉദ്യോഗസ്ഥനും ദ പ്രിന്റിനോട് പ്രതികരിച്ചു.
 

click me!