
ദില്ലി: നോർത്ത് ദില്ലിയിലെ ജഹാംഗിർപുരിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വീടിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ അയൽക്കാരാണ് തൊട്ടടുത്ത് താമസിക്കുന്ന നോർത്ത് ദില്ലി ഡിസിപി വിജയാന്ത ആര്യയെ വിവരമറിയിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജഹാംഗിർപുരിയിലെത്തി വീടിനുള്ളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
വീട് പൂട്ടിയിരുന്നതിനാൽ ചവിട്ടി തുറന്നാണ് പൊലീസ് സംഘം ഉള്ളിലേക്ക് കടന്നത്. 36 വയസ്സുള്ള പൂജ എന്ന യുവതിയെയും അവരുടെ 12 വയസ്സുള്ള മകൻ ഹർഷിതിനെയുമാണ് തറയിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുത്തേറ്റ് മരിക്കുന്നതിന് മുമ്പ് ഇരുവരും മാരകായുധങ്ങളുപയോഗിച്ചുള്ള ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് നാല് ദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.
എന്നാൽ, കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രണ്ടുവർഷം മുമ്പാണ് പൂജയുടെ ഭർത്താവ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂജയുടെ വീട് സന്ദർശിച്ചവരുടെ പേരുവിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസിപ്പോൾ. അയൽക്കാരിൽനിന്നാണ് മകളുടെ കൊച്ചുമകനും കൊല്ലപ്പെട്ട വിവരം താൻ അറിയുന്നതെന്ന് പൂജയുടെ അമ്മ പൊലീസിനോട് പറഞ്ഞു. ഇത്തരമൊരു കൊലപാതകം നടക്കാനുള്ള കാരണങ്ങമെന്താണെന്ന് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam