ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവ് ശിക്ഷ

By Web TeamFirst Published Sep 25, 2021, 8:39 AM IST
Highlights

ഇരുപത്തിയൊന്‍പതര കൊല്ലത്തെ കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം

തൃശ്ശൂര്‍: സ്കൂളിൽ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുമ്പോൾ  ബസിന്റെ പുറകിലെ സീറ്റിൽ തളർന്നു കിടന്ന് മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ഇരുപത്തിയൊന്‍പതര കൊല്ലത്തെ തടവുശിക്ഷ.  2012 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം. പാവറട്ടിയിലെ സ്വകാര്യ സ്കൂളിലെ  മോറൽ സയൻസ് അധ്യാപകനായിരുന്ന നിലമ്പൂർ ചീരക്കുഴി കാരാട്ട് അബ്ദുൽ റഫീഖ് (44) എന്നയാളെയാണ് കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എം പി ഷിബു ശിക്ഷിച്ചത്. 

ഇരുപത്തിയൊന്‍പതര കൊല്ലത്തെ കഠിനതടവും കൂടാതെ രണ്ടു ലക്ഷത്തി പതിനയ്യായിരം രൂപ പിഴയും പ്രതി നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2012 വർഷത്തിൽ പോക്സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഈ നിയമപ്രകാരം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 

പാവറട്ടി പോലീസ് മുൻ സബ് ഇൻസ്പെക്ടറും, ഇപ്പോഴത്തെ ഇൻസ്പെക്ടറുമായ എംകെ രമേശാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പാവറട്ടി മുൻ ഇൻസ്‌പെക്ടർ എ. ഫൈസൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.  കേസിന്റെ വിചാരണ വേളയിൽ സാക്ഷികളായിരുന്ന അധ്യാപകർ പലവിധ സമ്മർദ്ദങ്ങളെ തുടർന്ന് കൂറുമാറിയെങ്കിലും അതെല്ലാം അതിജീവിച്ചാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. 

വിചാരണവേളയിൽ കോടതി 20 സാക്ഷികളെ വിസ്തരിക്കുകയും  12 തരം  രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി. 

click me!