മലപ്പുറത്ത് കാ‍ർ യാത്രക്കാരായ യുവാക്കളെ തട്ടിക്കൊണ്ട് പോയ കേസ്; 5 പേ‍ർ പിടിയിൽ

By Web TeamFirst Published Jun 3, 2019, 6:21 PM IST
Highlights

വിമാനത്താവളങ്ങളിൽ എത്തിച്ച സ്വർണം കാരിയർമാരിൽ നിന്ന് കൈക്കലാക്കിയതിന്‍റെ പേരിലാണ് മൂന്നുപേരേയും തട്ടിക്കൊണ്ടുപോയത്. ഇവരെ മംഗളുരു കേന്ദ്രമായ സ്വർണക്കടത്ത് സംഘത്തിന് കൈമാറിയെന്നും പ്രതികള്‍

മലപ്പുറം: തുവ്വൂരില്‍ കാര്‍യാത്രക്കാരെ  തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ചംഗ സംഘം മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്.  

മലപ്പുറം എടവണ്ണ സ്വദേശികളായ ഫസൽ റഹ്മാൻ, കളപ്പാടൻ മുഹമ്മദ് നിസാം, സക്കീർ ഹുസൈൻ, അരീക്കോട് മൈത്ര സ്വദേശികളായ പാറക്കൽ അബ്ദുൽ നാസർ, ഷിഹാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിലാണ് തുവ്വൂര്‍ ഹൈസ്ക്കൂള്‍ പടിയില്‍ വച്ച് കാറിന് കുറുകേ ജീപ്പ് നിര്‍ത്തി സിനിമാ സ്റ്റൈലിലാണ് അഞ്ചംഗ സംഘം കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്.

കണ്ണൂര്‍ സ്വദേശികളായ ജംഷീര്‍, നിജാര്‍, മലപ്പുറം സ്വദേശി റസാദ് എന്നിവരെയാണ് ജീപ്പിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോയത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശി റംഷാദ് ആക്രമികളുമായുണ്ടായ പിടിവലിക്കിടെ ഓടി രക്ഷപ്പെട്ടു. ഇയാൾ നല്‍കിയ വിവരമനുസരിച്ച് പെരിന്തല്‍മണ്ണ പൊലീസ്  നടത്തിയ  അന്വേഷണത്തിലാണ്  അഞ്ചംഗ സംഘം പിടിയിലായത്. 

കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തിച്ച സ്വർണം കാരിയർമാരിൽ നിന്ന് കൈക്കലാക്കിയതിന്‍റെ പേരിലാണ് മൂന്നുപേരേയും തട്ടിക്കൊണ്ടുപോയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മംഗലാപുരത്തുനിന്നാണ് ക്വട്ടേഷൻ കിട്ടിയത്. തട്ടിക്കൊണ്ട് പോയവരെ മംഗളുരു കേന്ദ്രമായ സ്വർണക്കടത്തു സംഘത്തിന് കൈമാറിയെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തട്ടിക്കൊണ്ട്  പോയവരെ കണ്ടെത്താൻ പൊലീസ് മംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്.
 

click me!