ബെംഗളൂരുവിൽ വൻ ലഹരിവേട്ട; 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍

By Web TeamFirst Published Jul 2, 2021, 3:37 PM IST
Highlights

8 കിലോ ഹെറോയിനാണ് വിദേശ വനിതയിൽ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആർഐ അറിയിച്ചു. ഹെറോയിന് ഏകദേശം 56 കോടി രൂപ വില വരും.

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ 56 കോടി രൂപയുടെ ലഹരിവസ്തുക്കളുമായി വിദേശ വനിത പിടിയില്‍. സിംബാവേ സ്വദേശിനിയായ യുവതിയെ ഇന്നലെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടികൂടിയത്.

കഴിഞ്ഞ ദിവസം അതിരാവിലെ എയർപോർട്ടില്‍ വന്നിറങ്ങിയ 35 കാരിയായ വിദേശ വനിതയില്‍നിന്നാണ് ഹെറോയിന്‍ പിടികൂടിയത്. കൈയിലുണ്ടായിരുന്ന സ്യൂട് കേസില്‍ 8 കിലോ ഹെറോയിനാണ് ഇവർ സമർത്ഥമായി ഒളിപ്പിച്ചിരുന്നത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സാണ് ഗൾഫില്‍നിന്നുമുള്ള വിമാനത്തിലെത്തിയ യുവതിയെ പിടികൂടിയത്.  പിടികൂടിയ ഹെറോയിന് അന്താരാഷ്ട്ര വിപണിയില്‍ 56 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

എന്‍ഡിപിഎസ് നിയമപ്രകാരം കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ ബെംഗളൂരു കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ഈയിടെ നഗരത്തില്‍ നടന്ന ലഹരിവേട്ടകളില്‍ ഏറ്റവും വലുതാണ് ഇത്. കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ യുവതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!