
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങളുമായി പൊലീസ്. ഗൂഗിൾ, മെറ്റ അടക്കമുള്ള ടെക് ഭീമന്മാരിലെ ജോലിക്ക് ശേഷം സ്വന്തമായി ആർട്ടിഫീഷ്യൽ ഇന്റലിജന്സ് സ്ഥാപനം ആരംഭിച്ച ടെക്കി യുവാവും കുടുംബത്തേയുമാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ലോജിറ്റ്സ് എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനവുമായി ആനന്ദ് മുന്നോട്ട് പോയപ്പോൾ സില്ലോ എന്ന ടെക് സ്ഥാപനത്തിലെ ഡാറ്റ സയൻസ് മാനേജർ ജോലിയായിരുന്നു ആലീസ് ചെയ്തിരുന്നത്.
കാലിഫോർണിയയിലെ 17 കോടിയോളം വിലവരുന്ന ആഡംബര വസതിയിൽ തിങ്കളാഴ്ചയാണ് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. നേരത്തെ 2016ൽ വിവാഹമോചന ഹർജി ദമ്പതികൾ ഫയൽ ചെയ്തിരുന്നുവെങ്കിലും ബന്ധം വേർപിരിഞ്ഞിരുന്നില്ല. ഇതിന് ശേഷമാണ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ പിറക്കുന്നത്. 2020ഓടെയാണ് ദമ്പതികൾ കാലിഫോർണിയയിലെ വസതിയിൽ താമസം ആരംഭിക്കുന്നതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടികളെ മരുന്ന് ഓവർ ഡോസ് നൽകിയോ തലയിണയോ മറ്റോ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചോ കഴുത്ത് ഞെരിച്ചോ ആണ് കൊന്നിരിക്കുന്നതെന്നാണ് സംശയിക്കുന്നത്. കുട്ടികളുടെ ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് വിശദമാക്കുന്നു. അഞ്ച് കിടപ്പുമുറികളുള്ള വസതിയിലെ കിടപ്പുമുറികളിലൊന്നിൽ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. 9എംഎം പിസ്റ്റൾ ഉപയോഗിച്ചാണ് ആനന്ദ് ആലീസിന് നേരെ നിരവധി തവണയാണ് നിറയൊഴിച്ചത്. ലോഡ് ചെയ്ത നിലയിലുള്ള തോക്കും ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയ കുളിമുറിയിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഏഴ് വർഷത്തോളമാണ് ആനന്ദ് ഗൂഗിളിൽ ജോലി ചെയ്തത്. 2022 ഫെബ്രുവരിയിലാണ് ആനന്ദ് മെറ്റയിൽ ജോലി ചെയ്യുന്നത്. 2023 ജൂണിലാണ് ആനന്ദ് തന്റെ ആർട്ടിഫീഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പ് ആരംഭിക്കുന്നത്. കുട്ടികളുടെ മുത്തശ്ശി കുടുംബവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് പൊലീസിൽ വിവരമറിയിച്ചതിനേ തുടർന്ന് ക്ഷേമാന്വേഷണം നടത്താൻ വീട്ടിലെത്തിയ പൊലീസാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam