മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടേത് കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റില്‍

By Web TeamFirst Published Jun 10, 2020, 7:44 AM IST
Highlights

ശനിയാഴ്ച മദ്യപാനത്തിനിടെ അശ്വിന്‍, ജയമോഹന്‍ തമ്പിയുടെ എടിഎം കാര്‍ഡ് ചോദിക്കുകയും തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ തമ്പിയെ പിടിച്ചുതള്ളുകയുമായിരുന്നു.

തിരുവനന്തപുരം: കേരളത്തിന്റെ മുൻ രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ താരം ജയമോഹൻ തമ്പിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ജയമോഹന്‍റെ മകന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട മദ്യപിച്ചയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ് പറയുന്നു. പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മകന്‍ തള്ളിയിട്ടതാണ്, മരണത്തിന് കാരണമായെതെന്നാണ് പൊലീസിന്‍റെ നിഗമനം.

തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം മണക്കാട്‌ മുക്കോലക്കൽ ദേവി ക്ഷേത്രത്തിന്‌ സമീപത്തെ വീട്ടില്‍ ജയമോഹന്‍ തമ്പിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തമ്പിയുടെ വീടിന് മുകളിൽ താമസിക്കുന്നവർ ദുർഗന്ധത്തെ തുടർന്ന്‌ പൊലീസിനെ അറിയിക്കുകയായിരുന്നു. നെറിയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തമ്പിക്കൊപ്പം താമസിച്ചിരുന്ന മകന്‍ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ജയമോഹന്‍ തമ്പിയും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടാരുന്നു. ശനിയാഴ്ച മദ്യപാനത്തിനിടെ അശ്വിന്‍, ജയമോഹന്‍ തമ്പിയുടെ എടിഎം കാര്‍ഡ് ചോദിക്കുകയും തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ തമ്പിയെ പിടിച്ചുതള്ളുകയുമായിരുന്നു. ഈ വിഴ്ചയില്‍ നെറ്റിയിലേറ്റ മുറിവാണ് മരണകാരണമായതെന്ന് പൊലീസ് പറയുന്നു. അശ്വിനൊപ്പം ശനിയാഴ്ച മദ്യപിക്കാനെത്തിയിരുന്ന അയല്‍വാസിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

1982-84 ൽ കേരളത്തിന്റെ വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാനായിരുന്നു ജയോമഹന്‍ തമ്പി. എസ്‌ബിടി ടീമിന്റെ ക്യാപ്‌റ്റനായിരുന്നു. എസ്‌ബിഐ ഡെപ്യൂട്ടി ജനറൽ മാനേജറായി വിരമിച്ചതാണ്‌. ഭാര്യ അനതി രണ്ട് വര്‍ഷം മുമ്പ് മരിച്ചതിനെതുടര്‍ന്ന് മകന്‍ അശ്വിനൊപ്പമായിരുന്നു ജയമോഹന്‍ തമ്പി തമാസിച്ചിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.

click me!